സംസ്ഥാനത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു, രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുന്നു, സംസ്ഥാനത്ത് കണ്ടെ


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് പിടി മുറുക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കോവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്താകമാനം സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. കേരളത്തിലാണ്. പ്രതിദിനം 700 മുതല്‍ 1,000 വരെ കോവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രായമായവരും ഗർഭിണികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദം ജെഎൻ1ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്.