ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ചു ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശബരിമലയിലേക്കുള്ള പാതകളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നുണ്ട്. എരുമേലിയിലും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. എരുമേലിയിൽ ഇന്നലെ പുലർച്ചെ മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. സമാന്തര പാതകൾ വേണ്ടവിധം ഉപയോഗിക്കാത്തതാണ് എരുമേലിയിൽ ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാണണമെന്ന് ആക്ഷേപമുയരുന്നുണ്ട്. ശബരിമല സന്നിധാനത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ മുതല്‍ തുലാപ്പള്ളി വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. അവധി ദിനങ്ങളായതിനാൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. നിലയ്ക്കലിലെ വാഹനതിരക്ക് കുറയുന്നതിന് അനുസരിച്ചാണ് പൊലീസ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇന്നും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതും ചെന്നൈയില്‍ വെള്ളക്കെട്ടൊഴിഞ്ഞതും തിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മണിക്കൂറുകൾ കാത്ത് നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. രാവിലെ മലചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. വന്‍ തിരക്കിനെ തുടര്‍ന്ന് നിരവധി ഭക്തര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സന്നിധാനത്ത് പല ഭാഗങ്ങളിലും തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
ശബരിമലയിൽ ഭക്തജനത്തിരക്ക്, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്.