എരുമേലി: എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു.
കണ്ണിമല മഞ്ഞളരുവി വടക്കേൽ തോമാച്ചന്റെയും സോളിയുടെയും മകൻ നോബിൾ(17) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ മരിച്ചത്. അപകടത്തിൽ കണ്ണിമല മഞ്ഞളരുവി പാലയ്ക്കൽ ജോർജ് (വർക്കിച്ചൻ)-സാലി ദമ്പതികളുടെ മകൻ ജെഫിൻ(17) സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മുണ്ടക്കയത്ത് നിന്നും കണ്ണിമലയിലേക്ക് വരികയായിരുന്ന ഇവർ മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ തീർത്ഥാടകരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എരുമേലി-മുണ്ടക്കയം റോഡിൽ കണ്ണിമലയിലാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ജെറിൻ, ജസ്റ്റി എന്നിവരാണ് ജെഫിന്റെ സഹോദരങ്ങൾ. ജോര്‍ജ് കുട്ടിയാണ് നോബിളിന്റെ സഹോദരൻ. ജെഫിൻ ഏന്തയാര്‍ മര്‍ഫി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും നോബിൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയുമാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.