തിരുവനന്തപുരം: അപൂർവ രോഗം ബാധിച്ചവരെ ചേർത്തുനിർത്തി ക്രിസ്തുമസ് കാർഡും ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എസ്എംഎ ടൈപ്പ് 2 ബാധിച്ച എറണാകുളം സ്വദേശിനി ആയിഷ അഫ്രീൻ വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസകൾക്കായി തെരഞ്ഞെടുത്തത്. ഫേസ്ബുക്കിൽ മന്ത്രി ക്രിസ്തുമസ് കാർഡും ആയിഷയുടെ ചിത്രവും പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
നടുവ് നിവർത്തി ഇരിക്കുക, യാത്ര ചെയ്യുക, യാത്ര ചെയ്യുമ്പോൾ പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുക, ശ്വാസം തടസമില്ലാതെടുക്കുവാൻ കഴിയുക തുടങ്ങി ജീവിതത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ ആഗ്രഹിക്കുന്ന കുറച്ചേറെ ആളുകൾ നമ്മുടെ ഇടയിലുണ്ട്. എസ്എംഎ (സ്പൈനൽ മസ്‌കുലാർ അട്രോഫി) പോലുള്ള അപൂർവ്വ രോഗങ്ങൾ ബാധിച്ചവരാണവർ. അവരുടേയും കൂടിയാണ് കേരളം. അവരെ ചേർത്തു പിടിക്കാനായുള്ള ഒരു പദ്ധതി സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു. ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സയാണ് എസ്എംഎ രോഗത്തിന്റേത്. ചെലവേറിയ മരുന്നുകളും ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സകളും സർക്കാർ മേഖലയിൽ ആരംഭിക്കുവാൻ കഴിഞ്ഞത് ഈ വർഷത്തെ വലിയ സന്തോഷമാണ്. ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ ഇവരുടെ കഴിവുകൾ ഉൾപ്പെടുത്തിയാകട്ടെ എന്ന് ആഗ്രഹിച്ചു. എസ്എംഎ ടൈപ്പ് 2 ഉള്ള ആയിഷ അഫ്രീൻ എന്ന മിടുക്കി വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസകൾക്കായി തെരഞ്ഞെടുത്തത്. ആയിഷ വലിയ സന്തോഷത്തോടെയാണ് ഈ ചിത്രം അയച്ചുതന്നത്. ആയിഷ വരച്ച ചിത്രം എത്ര പ്രതീക്ഷാനിർഭരമാണ്. ഇരുട്ടിൽ വെളിച്ചം വിതറുന്ന ഒരുപാട് മിന്നാമിനുങ്ങുകൾ... ഈ വെളിച്ചം പുതുവർഷ പ്രതീക്ഷകളുടേത് കൂടിയാണ്. പ്രിയപ്പെട്ട ആയിഷയുടെ ചിത്രവും ഒപ്പം ചേർക്കുന്നു. എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ.