നവകേരളസദസ്: കാഞ്ഞിരപ്പള്ളിയിൽ 15,000 പേർ പങ്കെടുക്കും, നിയോജകമണ്ഡലംതല അവലോകനയോഗം നടന്നു.


കാഞ്ഞിരപ്പള്ളി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കാഞ്ഞിരപ്പള്ളയിലെ നവകേരളസദസിൽ 15,000 പേർ പങ്കെടുക്കുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. നവകേരളസദസ് നിയമസഭ മണ്ഡലംതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർ നവകേരള സദസിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 12ന് വൈകിട്ട് നാലിനാണ് പൊൻകുന്നം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ് കാഞ്ഞിരപ്പള്ളി നവകേരളസദസ് നടക്കുക. നവകേരള സദസിന്റെ മുന്നൊരുക്കം യോഗം വിലയിരുത്തി. വേദി സജ്ജമാക്കേണ്ട രീതി, പരാതിപരിഹാര കൗണ്ടറുകളുടെ സജ്ജീകരണം, മറ്റ് സുരക്ഷാക്രമീകരണങ്ങൾ എന്നിവയും വിലയിരുത്തി. പഞ്ചായത്തുതല വിളംബര ജാഥകൾ ഡിസംബർ ഒൻപതിനകം നടത്തും. വീട്ടുമുറ്റ സദസുകൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. പൊൻകുന്നം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന യോഗത്തിൽ സംഘാടകസമിതി ജനറൽ കൺവീനറായ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കെ. ഗീതാകുമാരി അധ്യക്ഷയായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ, ഡിവൈ.എസ്.പി: എൻ. അനിൽകുമാർ, ഡി.ഇ.ഒ. ഇ.ടി. രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രമേഷ് ഷാജി, അഡ്വ. ഗിരീഷ് എസ്. നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.