കോട്ടയം: ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കാനൊരുങ്ങുകയാണ് കോട്ടയം. ഇതിനോടകം തന്നെ ക്രിസ്മസ് വിപണി സജീവമായിക്കഴിഞ്ഞു. ഈ ആഴ്ച മുതലാണ് ക്രിസ്മസ് വിപണി കൂടുതൽ ഉണർവ്വിലേക്ക് എത്തിയത്.
നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും അലങ്കാര ബൾബുകളുമടക്കം ക്രിസ്മസ് ആഘോഷ സാധനങ്ങൾ വാങ്ങുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. ക്രിസ്മസ് കരോളുകൾ അടുത്ത ദിവസങ്ങളിലായി ആരംഭിക്കുന്നതോടെ ആഘോഷങ്ങളുടെ മാറ്റ് കൂടും. വിപണി ഉണർന്നതോടെ വ്യാപാരികളും സന്തോഷത്തിലാണ്. ക്രിസ്മസിന് തലേന്ന് പടക്ക വിപണിയും സജീവമാകും. ബേക്കറികളിൽ ഉൾപ്പടെ കേക്ക് മേളകൾ ആരംഭിച്ചു കഴിഞ്ഞു. വിവിധ തരം കേക്കുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമായിക്കഴിഞ്ഞു. ക്രിസ്മസിന്റെ വരവറിയിച്ചു ഗ്രാമ-നഗര വ്യത്യാസമില്ലാതെ നക്ഷത്ര വിപണി ജില്ലയിൽ സജീവമാണ്. വിവിധ തരം നക്ഷത്രങ്ങളും അലങ്കാര ബൾബ് മാലകളും ക്രിസ്മസ് ട്രീയും തുടങ്ങി ക്രിസ്മസ് രാവുകളെ ആഘോഷമാക്കാനുള്ള എല്ലാവിധ സാധനങ്ങളും വിപണിയിൽ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. പേപ്പർ നക്ഷത്രങ്ങൾ,പ്ലാസ്റ്റിക്ക് കോട്ടിങ് നക്ഷത്രങ്ങൾ,ഇലക്ട്രോണിക്ക് ഓട്ടോമാറ്റിക്ക് നക്ഷത്രങ്ങൾ,ക്രിസ്മസ് ട്രീ,പുൽക്കൂടുകൾ,ഓട്ടോമാറ്റിക്ക് അലങ്കാര ബൾബുകൾ തുടങ്ങി നിരവധി ക്രിസ്മസ് ആഘോഷ സാധനങ്ങൾ വിപണിയിൽ ലഭ്യമാണ്. വീടുകളിലും ക്രിസ്മസിന്റെ വരവറിയിച്ചു നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും ഒരുങ്ങിക്കഴിഞ്ഞു.രാത്രിയിൽ നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ സമ്മാനിക്കുന്നത് വർണ്ണശബളമായ നക്ഷത്രത്തിളക്കമുള്ള കാഴ്ചകളാണ്. വരും ദിവസങ്ങളിൽ വ്യാപാരം വർധിക്കുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ. ദേവാലയങ്ങളിൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളുടെ ആലോചനാ യോഗങ്ങൾ ചേരുകയും ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.