സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സംരംഭങ്ങൾ ഉയർന്നുവരണം: സംരംഭകത്വ കോൺക്ലേവ്.


കോട്ടയം: സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സംരംഭങ്ങൾ ഉയർന്നുവരേണ്ടത് ആവശ്യമാണെന്നും സംരംഭകരെ പ്രോത്സാഹിപ്പിച്ച് സംരംഭകത്വം വളർത്തണമെന്നും ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ സംരംഭകത്വ കോൺക്ലേവ്. ഡിസംബർ 13ന് രാവിലെ 10ന് ഏറ്റുമാനൂരിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായാണ് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ 'സംരംഭകത്വം-നവകേരള സൃഷ്ടിക്ക് '  കോൺക്ലേവ് സംഘടിപ്പിച്ചത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള വാണിജ്യവകുപ്പിന്റെ വിവിധ പദ്ധതികൾ കോൺക്ലേവിൽ ചർച്ച ചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷം നടപ്പാക്കിയ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയിലൂടെ ഒരു ലക്ഷത്തിനു മുകളിൽ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. വ്യവസായങ്ങൾ തുടങ്ങാനായി കേരളത്തിൽ അനുകൂല സാഹചര്യങ്ങളാണ് വ്യവസായ വകുപ്പ് വഴി സൃഷ്ടിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി തൊഴിലാളികളുടെ ക്ഷേമത്തിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും കോൺക്ലേവിൽ അഭിപ്രായമുയർന്നു. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ലോക പ്രശസ്തമായ പല സ്റ്റാർട്ടപ്പുകളും ആരംഭിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവിടെ നിന്നാണ് ജോലിക്കായി യുവതലമുറ മറ്റു രാജ്യങ്ങളിലേക്ക് ധാരാളമായി കുടിയേറുന്ന സാഹചര്യം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം ജോലി ചെയ്ത് സമ്പാദിച്ച് തുടങ്ങണമെന്ന താത്പര്യമാണ് യുവതലമുറയ്ക്ക്. ഇത്തരം സ്റ്റാർട്ടപ്പുകളെക്കുറിച്ച് യുവതലമുറയ്ക്കിടയിൽ നല്ല അവബോധം ഉണ്ടാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി വിഷയാവതരണം നടത്തി. വിജയപാത എന്ന വിഷയത്തിൽ ജോസ്‌കോ ഫുഡ് പ്രോഡക്‌സ് ജനറൽ മാനേജർ സി. ശിവപ്രസാദ് അനുഭവങ്ങൾ പങ്കുവച്ചു. സർക്കാർ പദ്ധതികൾ വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ചെറിയ സംരംഭകർക്കും തങ്ങളുടെ സംരംഭങ്ങൾ വിപുലീകരിച്ച് വലുതാക്കി മാറ്റാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംരംഭകത്വ സഹായപദ്ധതികളെക്കുറിച്ച് ജില്ലാ വ്യവസായകേന്ദ്രം മാനേജർ എം. പ്രവീൺ, കെ.എഫ്.സി: എ.ജി.എം: എ.സി. ജോർജ്, എസ്.ബി.ഐ. പ്രതിനിധി എം.ജി. വിമല കുമാരി, കേരള ബാങ്ക് ഡി.ജി.എം: ടി.പി. ജോസഫ്, ഏറ്റുമാനൂർ എം.എസ്.എം.ഇ. ടെക്‌നോളജി ഡവലപ്‌മെന്റ് സെന്റർ ട്രെയിനിംഗ് ഓഫീസർ അനൂപ് പി. രാജ് എന്നിവർ ക്ലാസെടുത്തു. ഏറ്റുമാനൂർ നിയോജകമണ്ഡലം നവകേരള സദസ് കൺവീനറും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുമായ ബിനു ജോൺ, ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എൻ.പി തോമസ് പങ്കെടുത്തു. മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ ഡയറക്ടർ ഡോ. ഇ.കെ. രാധാകൃഷ്ണൻ യുവസംരംഭകത്വം എന്ന വിഷയം അവതരിപ്പിച്ചു. ഒരു തദ്ദേശസ്വയംഭരണം ഒരു ആശയം എന്ന വിഷയത്തിൽ കെ. ഡിസ്‌ക് കൺസൾട്ടന്റ് പി. ജയരാജ് അവതരണം നടത്തി. ലൈസൻസുകളും ക്ലിയറൻസുകളുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവ്, തദ്ദേശസ്വയംഭരണ വകുപ്പ് ഐ.കെ.എം. ഡൊമെയിൻ എക്‌സ്‌പേർട്ട് രാജേഷ് ടി. വർഗീസ്, മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ കെ.എസ്. ഹരിത, ഡെപ്യൂട്ടി കമ്മീഷണർ (ഓഡിറ്റ്) സി. ബിജു കുമാർ, അസിസ്റ്റന്റ് എൻജിനീയർ ശ്യാം പി. പരമേശ്വരൻ, ഏറ്റുമാനൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. തെരേസ്ലിൻ ലൂയിസ്, ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ, ലീഗൽ മെട്രോളജി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഇ.ജി. സദാനന്ദൻ, ഫയർ ഓഫീസർ അനൂപ് രവീന്ദ്രൻ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ പി.ജിജു, അസിസ്റ്റന്റ് ടൗൺ പ്ലാനർ എസ്.എ. സനീഷ് എന്നിവർ പങ്കെടുത്തു.