കോട്ടയം: ജില്ലയിൽ ഈ സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ ഇതുവരെ 33,28,153 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 94.77 ശതമാനം നേട്ടം കൈവരിച്ചു. 57.83 ശരാശരി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 4116 കുടുംബങ്ങൾ നൂറു ദിവസം പൂർത്തീകരിച്ചു. ആകെ 57539 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ തൊഴിൽ നൽകാനായി.
വേതനമായി 110.62 കോടി രൂപയും മെറ്റീരിയൽ ഫണ്ട് ഇനത്തിൽ 20.10 കോടി രൂപയും ചെലവഴിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഈ സാമ്പത്തിക വർഷം സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 269 കാലിത്തൊഴുത്ത്, 431 കോഴിക്കൂട്, 310 ആട്ടിൻകൂട്, 87 അസോള ടാങ്ക്, 112 ഫാം പോണ്ട്, 137 കിണർ റീച്ചാർജജിംഗ് തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കി. ശുചിതകേരളം പദ്ധതിയുടെ ഭാഗമായി 621 കംപോസ്റ്റ് പിറ്റ്, 1301 സോക്പിറ്റ് എന്നിവയുടെ നിർമാണവും പൂർത്തിയാക്കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന ഡയറക്ടർ എ. നിസാമുദ്ദീൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ബ്ലോക്ക് വികസന ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.