നവകേരള സദസില്‍ അവതരിപ്പിക്കുന്നത് നാടിന്റെ വികസന കുതിപ്പും മുന്നേറ്റവും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.


കോട്ടയം: വികസനകുതിപ്പുകളുടെ ജീവിക്കുന്ന കണക്കുകളും വികസന മുന്നേറ്റത്തിന്റെ യഥാര്‍ത്ഥ ചിത്രവുമാണ്  നവകേരള സദസില്‍ അവതരിപ്പിച്ച് മുന്നേറുന്നതെന്നു തുറമുഖം -മ്യൂസിയം- പുരാരേഖ -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പൂഞ്ഞാര്‍ നിയോജകമണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്. ജനങ്ങളെ നേരില്‍കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ തത്ത്വങ്ങളെ തമസ്‌കരിച്ചു കൊണ്ടു കേരളത്തിന്റെ അവകാശത്തെ തടയുകയാണ്.  ഈ പ്രതിസന്ധികളുടെയിടയിലും വികസനകുതിപ്പിലാണ് സര്‍ക്കാര്‍ മുന്നേറുന്നത്. തീരദേശ ഹൈവേ, മലയോര ഹൈവേ,  നാഷണല്‍ ഹൈവേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ പുരോഗമിക്കുന്നു. വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് 17 ചെറു തുറമുഖങ്ങളുടെയും നിര്‍മാണം  പൂര്‍ത്തീകരിച്ച് ചരക്കുനീക്കം ആരംഭിക്കും. വിദ്യാഭ്യാസ രംഗത്തെ കിഫ്ബിയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗവും വളരെയേറെ പുരോഗമിച്ചു. നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളത്. അതുകൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.