നവകേരള സദസ്; ഞീഴൂർ ഗ്രാമപഞ്ചായത്തിൽ വർണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു.


കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന വൈക്കം മണ്ഡലത്തിലെ നവകേരള സദസിന്റെ പ്രചാരണാർഥം ഞീഴൂർ ഗ്രാമപഞ്ചായത്തിലെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ  വിളംബര ജാഥ സംഘടിപ്പിച്ചു. ഞീഴൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അവസാനിച്ചു. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റും നവകേരള സദസ്  ചെയർമാനുമായ ശ്രീകല ദിലീപ്  റാലി ഫ്ളാഗ് ഓഫ് ചെയ്തു. ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്തുതല ഉദ്യോഗസ്ഥർ എന്നിവർ വിളംബര ജാഥയിൽ അണിനിരന്നു. ജാഥയിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ബീന ഷിബു, ലിസി ജീവൻ,  പി.ആർ.സുഷമ, കെ.പി. ദേവദാസ്, തോമസ് മാത്യു, തോമസ് പനയ്ക്കൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സക്കറിയാസ് കുതിരവേലി, പി. പി. കുര്യൻ, ജയിംസ് ഉതുപ്പാൻ, പി.എം. മോഹനൻ, സന്തോഷ് കുഴിവേലി എന്നിവർ പങ്കെടുത്തു.