കാഞ്ഞിരപ്പള്ളി: പുതുനാടിനെ സൃഷ്ടിക്കാനുള്ള ഇടപെടലുകൾക്കായ് ജനകീയ മന്ത്രിമാരെത്തിയപ്പോൾ കോട്ടയം ജില്ലയും ഒപ്പമുണ്ടെന്ന ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാനതകളില്ലാത്ത സ്വീകരണമാണ് പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും നൽകിയത്. നാടിന്റെ സമ്പൂർണ പിന്തുണയും പ്രഖ്യാപിച്ച് ജില്ലയുടെ കാർഷികഭൂമിയായ കാഞ്ഞിരപ്പള്ളിയിൽ ജനസഹസ്രങ്ങളാണ് നവ കേരള സദസ്സിലേക്ക് ഒഴുകികിയെത്തിയത്. ജനങ്ങൾക്കരികിലേക്ക് മന്ത്രിസഭ ഒന്നാകെ എത്തുന്ന നവകേരളസദസിന് ജില്ലയിൽ ഇന്നു തുടക്കം കുറിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലെ നവകേരള സദസിലേക്കാണു മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും ആദ്യമെത്തിയത്. തുടർന്ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നവകേരളസദസ് പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു. ആദ്യദിനത്തിലെ അവസാനസദസ് പാലാ നിയോജക മണ്ഡലത്തിലെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു.