കോട്ടയം: നിറങ്ങളാൽ നവകേരളം തീർത്ത് കുട്ടിക്കൂട്ടം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് കോട്ടയം നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരമാണ് നിറങ്ങളുടെ നവകേരളസൃഷ്ടിയുമായി വേറിട്ടതായത്. 'മഴവില്ലിനിടയിലെ നവകേരളം' എന്ന വിഷയത്തിലാണ് എം.ഡി. സെമിനാരി സ്‌കൂളിൽ മത്സരം സംഘടിപ്പിച്ചത്. നവകേരളം സംഘാടക സമിതി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു സംഘടിപ്പിച്ച മത്സരം കാർട്ടൂൺ അക്കാദമി മുൻ ചെയർമാനും കലാകാരന്മാരുടെ സഹകരണ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ പ്രസന്നൻ ആനിക്കാട് മത്സരം ഉദ്ഘാടനം ചെയ്തു. ഡിസംബർ 13ന് ഫല പ്രഖ്യാപനം നടത്തും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ആർ.പ്രദീപ്, എം.ഡി. സെമിനാരി ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ വിൽസൺ ഡാനിയേൽ പബ്ലിക് റിലേഷൻ സബ് കമ്മിറ്റി ചെയർമാൻ പോൾസൺ പീറ്റർ, കൺവീനർ റ്റി.എസ്. അജിമോൻ മീഡിയ സബ് കമ്മിറ്റി കൺവീനറായ സാബു സി. ജോർജ്, എന്നിവർ പ്രസംഗിച്ചു.