നവകേരള സദസ്സിനു വേണ്ടി പൊൻകുന്നം ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടം പൊളിച്ചു നീക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം.


പൊന്‍കുന്നം: പൊൻകുന്നം ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടം നവകേരളസദസ്സിനു വേണ്ടി പൊളിച്ചുനീക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സ്‌കൂൾ മാനേജിങ് കമ്മറ്റി അധികൃതരും ജില്ലാ പഞ്ചായത്ത് ഭരണകൂടം അധികൃതരും വ്യക്തമാക്കി. പൊന്‍കുന്നം ഗവണ്‍മെന്റ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് 60 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലായിരുന്നു. 2016 ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചു. എസ്റ്റിമേറ്റ് തയാറാക്കിയപ്പോള്‍ ആകെ ആവശ്യമായി വന്ന 6 കോടി 80 ലക്ഷം രൂപയില്‍ കിഫ്ബി ഫണ്ട് വിഹിതമായ 5 കോടിക്ക് പുറമേ വേണ്ടി വന്ന 1 കോടി 80 ലക്ഷം രൂപ എന്‍ ജയരാജ് എം എല്‍ എയുടെ ഫണ്ടില്‍ നിന്ന് കൂടി അനുവദിച്ചാണ് കെട്ടിടം പൂര്‍ത്തീകരിച്ച് 2020 ല്‍ ഉദ്ഘാടനവും നടത്തിയത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നു മുതല്‍ കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നു. പ്രസ്തുത കെട്ടിടം പൊളിക്കുന്ന സ്ഥലം ഒരു പൊതു ഇടമായി സംരക്ഷിക്കേണ്ടുന്നത് പൊന്‍കുന്നം പട്ടണത്തെ സംബന്ധിച്ച് ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ്. ഈ സ്ഥലം പ്രയോജനപ്പെടുത്തി പരമാവധി പൊതു ഇടം ലഭ്യമാക്കത്തക്കവിധത്തില്‍ കൂട്ടികള്‍ക്ക് വിവിധ ടര്‍ഫുകള്‍, കോര്‍ട്ടുകള്‍ (വോളിബോള്‍, ഫുടബോള്‍, ബാസ്‌കറ്റ് ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍) പണിയുന്നതിന് ലക്ഷ്യമിടുന്നു. സ്പോര്‍ട്സ് കേരളാ ഫൗണ്ടേഷന്‍ മുഖേന അത് പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. കെട്ടിടം പൊളിച്ച് മാറ്റി, തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി സ്ഥലം അവര്‍ക്ക് ലഭ്യമാക്കിയാല്‍ അതിന്റെ എസ്റ്റിമേറ്റ് നടപടികള്‍ ആരംഭിക്കാനാകും. ഏകദേശം 2 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി എം എല്‍ എ ഫണ്ട് വിനിയോഗിച്ചാണ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. മരങ്ങള്‍ ഇതിനോടകം മുറിച്ച് മാറ്റി. വനം വകുപ്പിന്റെ അനുമതിക്കുള്ള സങ്കീര്‍ണമായ നടപടികള്‍ക്ക് താമസമെടുത്തിരുന്നു. കെട്ടിടം വാലുവേഷന്‍ നടത്തി ടെണ്ടര്‍ വിളിച്ച് വളരെ നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് പൊളിച്ച് മാറ്റിയത്. നവകേരള സദസ്സ് ഈ ഗ്രൗണ്ടിലാണ്  നടക്കുന്നത് എന്നത് തികച്ചും യാദൃശ്ചികായി സംഭവിച്ചതാണ് എന്നും അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു ബൃഹത് പരിപാടിക്ക് ഈ ഗ്രൗണ്ട് തിരഞ്ഞെടുത്തത് തന്നെ പൊന്‍കുന്നം പട്ടണത്തില്‍ മറ്റൊരു വിശാലമായ ഗ്രൗണ്ട് ലഭ്യമല്ലാത്തത് കൊണ്ടാണ്. അതുകൊണ്ടു തന്നെ ഇത്തരം പൊതുപരിപാടികള്‍ നടത്തുവാനുള്ള ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ട്കൂടിയാണ്. ഈ ഗ്രൗണ്ടിനോടനുബന്ധിച്ച് ഒരു സ്റ്റേജ് സംവിധാനം കൂടി നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിടുന്നുണ്ട്. ഒരേ സമയം 7000 പേര്‍ക്കിരിക്കവുന്ന സ്റ്റേഡിയം സംവിധാനം കൂടി വരുന്നതോടെ പൊന്‍കുന്നം ഗവ. സ്‌കൂളിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റുക വഴി ആളുകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു അപകടം മുന്‍കൂട്ടിക്കണ്ടുള്ള നടപടിയെ തമസ്‌കരിച്ച് മറിച്ചുള്ള പ്രചരണങ്ങള്‍ എല്ലാം വ്യാജമാണെന്നു തിരിച്ചറിയണമെന്നും അധികൃതർ പറഞ്ഞു.