എരുമേലി: ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയം പൂർത്തിയായതോടെ ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ പെഗ് മാർക്കിങ് ജോലികൾ ആരംഭിച്ചു. തിങ്കളാഴ്ച മുതലാണ് പെഗ് മാർക്കിങ് ജോലികൾ ആരംഭിച്ചത്.
ചെറുവള്ളി എസ്റ്റേറ്റിന് പുറമെ 160 ഏക്കർ സ്വകാര്യ ഭൂമിയാണ് വിമാനത്താവളത്തിനായി ആവശ്യമായി വരുന്നത്. എരുമേലി- മണിമല ഗ്രാമപഞ്ചായത്തുകളിലെ ജനവാസമേഖലയില്‍ ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ അതിർത്തി നിർണ്ണയിച്ച മേഖലകളിലാണ് പെഗ് മാർക്കിങ് ജോലികൾ നടക്കുന്നത്. കഴിഞ്ഞ ദിവസം അതിർത്തി നിർണ്ണയം പൂർത്തിയായിരുന്നു. എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ചാണ് റൺവെ വിഭാവനം ചെയ്തിരിക്കുന്നത്. 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായി വരുന്ന ചെറുവള്ളി തോട്ടത്തിന് പുറത്ത് എരുമേലി തെക്ക് വില്ലേജില്‍ 55 പോയിന്റാണുള്ളത്. ചെറുവള്ളി എസ്റ്റേറ്റില്‍ 1212 പോയിന്റും മണിമല വില്ലേജില്‍ 50 താഴെ പോയിന്റുമാണുള്ളത്.