കോട്ടയം: കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ ഭാര്യയുടെ വീടിനു സമീപം നിർമ്മിച്ച വീട്ടിൽ താമസിക്കാനായും കേരളത്തിന്റെ ഭംഗി വീണ്ടും ആസ്വദിക്കാനായി കോട്ടയത്തിന്റെ പാക് മരുമകൻ എത്തുന്നു. യുഎഇയിൽ നഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീജാ ഗോപാലനാണു പാക്കിസ്ഥാൻ സ്വദേശിയും അജ്മാനിലെ ബിസിനസുകാരനുമായ തൈമൂർ താരിഖ് ഖുറേഷിയുടെ ഭാര്യ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രാജ്യങ്ങളുടെയോ മതങ്ങളുടെയോ വേർതിരിവില്ലാതെയാണ് 10 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2018 ഏപ്രിലിൽ ഇരുവരും ദുബായിൽ വിവാഹിതരായത്. തൈമൂർ ഇത് രണ്ടാം തവണയാണ് കേരളത്തിൽ എത്തുന്നത്. ആദ്യ തവണ കേരളത്തിൽ എത്തിയപ്പോൾ പുതുപ്പള്ളിയിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് തൈമൂറിന്റെ പുതുപ്പള്ളിയിലേക്കുള്ള യാത്ര വിലക്കിയത്. തുടർന്ന് തൃശൂരിൽ താമസിച്ചു കേരളത്തിന്റെ ഭംഗി ആസ്വദിച്ചു മടങ്ങുകയായിരുന്നു. ഭാര്യ ശ്രീജയുടെ വീടിനടുത്ത് തന്‍റെ പിതാവ് താരിഖിന്‍റെ പേരിൽ ഒരുക്കിയ താരിഖ് മൻസിൽ എന്ന പുതിയ വീട്ടിൽ താമസിക്കാനായാണ് തൈമൂർ എത്തുന്നത്. ഇരുവരും ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമത്തിൽ മിന്നും താരങ്ങളാണ്. ആദ്യ കണ്ടുമുട്ടലിൽ തന്നെ പ്രണയത്തിലായവരാണ് ഇരുവരും. പാകിസ്ഥാൻകാരനുമായുള്ള ബന്ധം പിന്നീട് പല പ്രശ്നങ്ങൾക്കും വഴി തെളിക്കുമെന്നായിരുന്നു വീട്ടുകാരുടെയും ബന്ധുക്കളുടെയും പേടി. എന്നാൽ മറ്റുള്ളവരുടെ പേടിയെ ജീവിച്ചു കാണിച്ചു ഇല്ലാതാക്കിയിരിക്കുകയാണ് ഈ ദമ്പതികൾ. ആദ്യത്തെ കൺമണിയെ കണ്ടു കൊതി തീരും മുൻപേ വിട്ടുപോയതിന്‍റെ ദുഃഖം ഇരുവരുടെയും മനസ്സിലുണ്ട്.