മണിമല: ബെംഗളൂരുവിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയായ കോട്ടയം മണിമല സ്വദേശികളായ ദമ്പതികളുടെ മകൾക്ക് ഗുരുതര പരിക്ക്. മണിമല സ്വദേശിയായ ജിന്റോ ടോമി ജോസഫിന്റെ മകളും ബെംഗളൂരു ചെല്ലക്കരയിലെ ഡൽഹി പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയുമായ ജിയന്ന ആൻ ജിജോ(4) ആണ് സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിയന്നയെ ഹെബ്ബാൾ റോഡിലുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. ചെല്ലക്കരയിലെ ഡൽഹി പ്രീ സ്‌കൂളിൽ നേഴ്‌സറി വിദ്യാർത്ഥിനിയായിരുന്നു ജിയന്ന. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ്‌കൂൾ അധികൃതർ ജിയന്നയെ സ്‌കൂൾ മുറ്റത്ത് വീണ് പരിക്കേറ്റു കിടക്കുന്ന നിലയിൽ കണ്ടത്. അപകടത്തെ സംബന്ധിച്ചുള്ള വ്യക്തമായ വിവരം ഇതുവരെയും സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് എന്നാണു പ്രാഥമിക വിവരങ്ങൾ. അതേസമയം സ്‌കൂൾ അധികൃതരുടെ വീഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയെ നോക്കാൻ ആയമാരുണ്ടായിട്ടുണ് കുട്ടി എങ്ങനെ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ എത്തി എന്നാണു മാതാപിതാക്കൾ ഉന്നയിക്കുന്ന ചോദ്യം. അപകടം സംഭവിച്ചിട്ടും മാതാപിതാക്കൾ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സമയം വൈകിയത് ആരോഗ്യനില കൂടുതൽ വഷളാക്കിയതായും മാതാപിതാക്കൾ പറഞ്ഞു.