പാലാ: വാഹാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 5 വയസ്സുകാരിയുടെ ജീവനുമായി കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്നും പാലായിലേക്ക് ആംബുലൻസ് ഓടിയെത്തിയത് ഒന്നര മണിക്കൂറിനുള്ളിൽ. തടസ്സങ്ങളില്ലാതെ ആംബുലൻസിനു വഴിയൊരുക്കി നാടും നാട്ടുകാരും. കട്ടപ്പന പുറ്റടി സ്വദേശിനി പ്രാർഥനയെ(5)യാണ് കട്ടപ്പനയിൽ നിന്നും പാലാ മാർ സ്ലീവാ മെഡിസിറ്റിൽ എത്തിച്ചത്. വൈകിട്ട് 5:10 നു പുറപ്പെട്ട ആൽഫാ വൺ ആംബുലൻസ് 6: 40 നു മെഡിസിറ്റിയിൽ എത്തി. കട്ടപ്പന-വണ്ടൻമേട് റോഡിൽ മാലി ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. പ്രാർത്ഥനയും വല്യമ്മ കോതമണിയും കൂടി റോഡിലൂടെ നടന്നു വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരെയും ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ പ്രാർത്ഥനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു ആദ്യം പുറ്റടിയിലും പിന്നീട് കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിനു സഞ്ചാര പാതയൊരുക്കി നാടൊരുമിച്ചാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. പോലീസിന്റെ സഹായവും ലഭിച്ചിരുന്നു. ഈരാറ്റുപേട്ട പോലീസ് തീക്കോയി മുതൽ ആംബുലൻസിനു വഴിയൊരുക്കി നൽകി.