കറുകച്ചാൽ: കറുകച്ചാലിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മല്ലപ്പള്ളി പടുത്തോട് സ്വദേശി മെച്ചേരിൽ സജിയുടെ മകൻ അഖിൽ (22) ആണ് മരിച്ചത്. കറുകച്ചാൽ കോട്ടയം റോഡിൽ തൊമ്മചേരിയിൽ ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ടോറസിനടിയിലേക്ക് വീണ അഖിലിന്റെ ശരീരത്തിലൂടെ ടോറസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ടോറസിനടിയിൽപ്പെട്ട അഖിലിനെ റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് വാഹനം നിന്നത്. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ റോഡിലെ ശരീര അവശിഷ്ടങ്ങളും രക്തവും അഗ്നിരക്ഷാ സേനയെത്തി കഴുകിക്കളഞ്ഞു. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.