ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഇനി പോലീസിന്റെ നിരീക്ഷണ കണ്ണിൽ. ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിളിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ക്യാമറകൾ പോലീസിന് കൈമാറി. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം തുറമുഖ-സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്, നഗരസഭ ചെയർപേഴ്സൺ ബീനാ ജോണി, അഡീഷണൽ എസ്.പി വി.സുഗതൻ. ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥൻ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി 56 ഓളം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.