എരുമേലി: എരുമേലി സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ കേസ് അന്വേഷിച്ച പൊലീസിന് വീഴ്ച സംഭവിച്ചതായി ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. ജെസ്‌നയെ കാണാതായതായി പരാതി നൽകി എട്ടാം ദിവസമാണ് പോലീസ് അന്വേഷണത്തിനായി എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മകൾ ഇപ്പോഴും കാണാമറയത്തായിരിക്കുന്നതെന്നു പിതാവ് പറഞ്ഞു. മകൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു പോകാനാകില്ല എന്നും ജെസ്നയ്ക്കു എന്തു സംഭവിച്ചു എന്നതിനു തെളിവില്ല എന്നും സി ബി ഐ കോടതിയെ അറിയിച്ചു കേസ് അന്വേഷണം അവസാനിപ്പിച്ച് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സി ബി ഐ യും കേസ് അന്വേഷിച്ചെങ്കിലും ജെസ്‌നയെ കണ്ടെത്താനോ ജെസ്‌നയെപ്പറ്റി വിവരങ്ങൾ ശേഖരിക്കാനോ സാധിച്ചില്ല. ജെസ്ന മരിയ ജെയിംസിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടാണ് പോലിസ് അന്വഷണം ആരംഭിച്ചത് തന്നെ. ആദ്യഘട്ടങ്ങളിൽ വെച്ചൂച്ചിറ പോലീസും പിന്നീട് തിരുവല്ല ഡി വൈ എസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടന്നു. അന്വേഷണ സംഘം കേരളത്തിന് വെളിയിലും അന്വേഷണം നടത്തിയെങ്കിലും തുമ്പുകള്‍ ഒന്നും ലഭിച്ചില്ല.