ഭൂമിതരം മാറ്റൽ അദാലത്ത്: മൂന്നു താലൂക്കുകളിലെ 500 പേർക്ക് ആശ്വാസം; ഭൂമി തരംമാറ്റി ഉത്തരവ് കൈമാറി.


കോട്ടയം: കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 500 പേർക്ക് ഭൂമി തരംമാറ്റി നൽകി ഉത്തരവുകൾ കൈമാറി. ഭൂമി തരംമാറ്റാനായുള്ള അപേക്ഷകർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ഉത്തരവുകൾ നൽകിയത്. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഇവ കൈമാറി. ഭൂമി തരംമാറ്റി ലഭിക്കാനായി വർഷങ്ങളായി കാത്തിരുന്നവർക്ക് അദാലത്ത് ആശ്വാസമായി. കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകൾക്കായുള്ള അദാലത്താണ് കോട്ടയത്ത് നടന്നത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്. കോട്ടയം താലൂക്കിൽ നിന്ന് 368 പേർക്കും ചങ്ങനാശേരി താലൂക്കിൽനിന്ന് 131 പേർക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽനിന്ന് ഒരാൾക്കുമാണ് ഭൂമി തരംമാറ്റി അദാലത്തിലൂടെ ഉത്തരവു നൽകിയത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽ കുമാർ, കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) സോളി ആന്റണി, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ചങ്ങനാശേരി തഹസിൽദാർ ടി.എ. വിജയസേനൻ എന്നിവർ പങ്കെടുത്തു.