കോട്ടയം: സംസ്ഥാനത്തെ മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർക്കുള്ള പുരസ്‌കാരം കോട്ടയത്തിന്. ജില്ലാ കോ-ഓർഡിനേറ്ററും പാമ്പാടി കെ.ജി. കോളജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. വിപിൻ കെ. വറുഗീസാണ് പുരസ്‌കാരത്തിന് അർഹനായത്. തൃക്കാക്കര ഭാരത് മാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ സമ്മദിദാനദിനം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ സഞ്ജയ്കൗളിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടുവർഷം കൊണ്ട് അയ്യായിരത്തിധികം വിദ്യാർഥികൾ, 45 ഭിന്നശേഷിക്കാർ, 52 പട്ടിക വർഗക്കാർ, ഒൻപത് ട്രാൻസ്‌ജെൻഡേർസ് എന്നിവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനായി. എൻ.എസ്.എസ്-എൻ.സി.സി ക്യാമ്പുകളിൽ 40 ബോധവത്കരണ ക്ലാസുകൾ, കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസിലുള്ള പ്രചാരണം, ജില്ലയിലെ നാലു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ബോധവത്കരണ പരിപാടി തുടങ്ങിയ നിരവധി പ്രവർത്തനങ്ങളും നടപ്പാക്കി. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ജില്ലയെ നേട്ടത്തിലെത്തിച്ചത്.