കോട്ടയം: കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ദമ്പതികളെ കാണാതായിട്ട് 7 വർഷമാകുമ്പോഴും ഇരുട്ടിൽത്തപ്പി പോലീസ്. താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42)ഭാര്യ ഹബീബ(37) എന്നിവരെ 2017 ഏപ്രിൽ 6 നാണ് കാണാതാകുന്നത്. കാണാതായി 7 വർഷം തികയാനിരിക്കെ ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ മാറി മാറി അന്വേഷിച്ച പോലീസ്-ക്രൈം ബ്രാഞ്ച് അന്വേഷണ സംഘങ്ങൾക്കായില്ല. 2017 ഏപ്രിൽ 6 നു രാത്രി 9 മണിക്ക് നഗരത്തിൽ ഭക്ഷണം വാങ്ങാനായി പുതുതായി വാങ്ങിയ കാറുമായി ഇരുവരും നഗരത്തിലേക്ക് ഇറങ്ങിയതായിരുന്നു. ഒരു ഹർത്താൽ ദിവസമായിരുന്നു സംഭവം നടന്നത്. പിറ്റേന്ന് പിതാവ് അബ്ദുൽ ഖാദർ ഇരുവരെയും കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോണോ പേഴ്സോ മറ്റു രേഖകളോ ഒന്നും ഇവർ കൈവശം കൊണ്ട് പോയിട്ടുമില്ല. കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷം ഏറ്റെടുത്തു നടത്തി. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മകന്റെയും മരുമകളുടെയും തിരോധാനം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ ഖാദർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമുണ്ടായില്ല. നഗരത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. സമീപത്തെ ജലാശയങ്ങളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പുതുതായി വാങ്ങിയ മാരുതി വാഗണാർ കാറിലായിരുന്നു ഇവർ ഭക്ഷണം വാങ്ങുന്നതിനായി നഗരത്തിലേക്ക് പോയത്. ഇതുവരെ കാർ പോലും കണ്ടെത്താനായില്ല എന്നതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. പുതുതായി വാങ്ങിയ കാറിനു ടെമ്പററി നമ്പർ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും ഫോൺ വിവരങ്ങൾ അന്ന് പോലീസ് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഭർത്താവ് ഹാഷിമിന് മാത്രമാണ് പാസ്പോർട്ട് ഉള്ളത്. ഹബീബയ്ക്ക് ഡ്രൈവിങ് അറിയില്ല. ട്രെയിനിൽ ഇവരെ കണ്ടെന്ന ചിലരുടെ മൊഴിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. കാണാനില്ലെന്നുള്ള വിവരം ലഭിച്ചപ്പോൾ തന്നെ പോലീസ് സംസ്ഥാന അതിർത്തികളിൽ ഉൾപ്പടെ വിവരം നൽകിയിരുന്നു. ഇവർ സംസ്ഥാനം വിട്ടു പോയിട്ടില്ല എന്ന നിലപാടിലാണ് പോലീസ്. പക്ഷെ ഇവർക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും ഇരിട്ടിൽത്തപ്പുകയാണ് പോലീസ്. ബന്ധു വീടുകളിലും തീർത്ഥാടന കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. മാതാപിതാക്കൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഹാഷിമിന്റെയും ഹബീബയുടെയും മക്കൾ ഫാത്തിമയും മുഹമ്മദ് ബിലാലും. ദമ്പതികളെ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തെരച്ചിൽ നടത്തിയിരുന്നു.