അപേക്ഷ നൽകി ഒരു മാസം; നിലം പുരയിടമാക്കി ലഭിച്ചു.


കോട്ടയം: വീട് വയ്ക്കുകയെന്നത് ഇനി ശ്യാം ശശിയ്ക്ക് സ്വപ്നമല്ല. കടുത്തുരുത്തിയിൽ നടന്ന ഭൂമി തരംമാറ്റൽ അദാലത്തിലൂടെ നിലം പുരയിടമാക്കി ലഭിച്ചതോടെ ശ്യാം വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ്. തലയാഴം ഗ്രാമപഞ്ചായത്തിലെ ആലത്തൂർ നിവാസിയായ മാതേത്തുറ വീട്ടിൽ ശ്യാം ശശിയുടെ അഞ്ച് സെന്റ് സ്ഥലം 50 വർഷമായി നിലമായിട്ടാണ് കിടന്നിരുന്നത്. മുത്തച്ഛന്റെ കാലം മുതലുള്ള വസ്തു ശ്യാമിന് കൈമാറി കിട്ടിയിരുന്നു. വീട് വയ്ക്കാനായി വായ്പയ്ക്ക് സമീപിച്ചപ്പോഴാണ് തടസങ്ങളുണ്ടായത്. നിലം പുരയിടമാക്കി മാറ്റുന്നതിനായി പിന്നീട് ശ്രമം. 2023 ഡിസംബറിലാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകിയത്. അപേക്ഷ നൽകി ഒരു മാസത്തിനുള്ളിൽ തന്നെ പരിഹാരവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശ്യം ശശി.