കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകി കെഎസ്ആർടിസി ജീവനക്കാർ.


എരുമേലി: കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകി കെഎസ്ആർടിസി ജീവനക്കാർ. തിങ്കളാഴ്ച രാവിലെ കോട്ടയത്ത്‌ നിന്നും പമ്പയ്ക്ക് സർവീസ് നടത്തിയ ബസിലാണ് സംഭവം. പമ്പ സ്പെഷ്യൽ സർവീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ സുബീഷ് ടി എസ്, പാലാ ഡിപ്പോയിലെ ഡ്രൈവർ പി സേതുറാം എന്നിവരാണ് ബസിനുള്ളിൽ കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകി മാതൃകയായത്. ഹൈദ്രബാദ് സ്വദേശി ബി മോഹൻ റാവുവിന്റെ നേതൃത്വത്തിൽ എത്തിയ തീർത്ഥാടക സംഘത്തിന്റെ പണമാണ് ബസിൽ മറന്നു വെച്ചത്. ബസ് പമ്പയിൽ എത്തിയപ്പോൾ ആണ് ആളില്ലാത്ത ഒരു ബാഗ് കണ്ടക്ടറുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണം അടങ്ങിയ ബാഗ് ആണ് എന്ന് മനസിലായതോടെ ബാഗിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ കണ്ടക്ടർ സുബീഷ് തീർത്ഥാടകരെ ബന്ധപ്പെട്ടു. എരുമേലിയിൽ ഇറങ്ങിയ തീർത്ഥാടകർ ആണെന്ന് മനസിലായതോടെ ബസ് പമ്പയിൽ നിന്നും തിരികെ വരുന്ന വഴി എരുമേലി ഡിപ്പോയിൽ എത്തി പണം അടങ്ങിയ ബാഗ് എരുമേലി ഇൻസ്‌പെക്ടർ ഇൻചാർജ് ഷാജി കെ പാലക്കാട്ടിന്റെ നേതൃത്വത്തിൽ തീർത്ഥാടകർക്ക് കൈമാറി. നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിച്ച തീർത്ഥാടകർ ജീവനക്കാർക്കും കെ എസ് ആർ ടി സി ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.