മണിമല: അയ്യപ്പ സ്വാമിയുടെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാർ സമൂഹ പെരിയോൻ എൻ ഗോപാകൃഷ്ണ പിള്ള സ്വാമിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിന്റെ മണിമലക്കാവ് ആഴിപൂജ ഇന്ന് വൈകിട്ട് നടക്കും. ചൊവ്വാഴ്‌ച അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം രഥ ഘോഷയാത്രയായി പരദേവതയായ മണിമലക്കാവ് ഭഗവതീ ക്ഷേത്രത്തിലെത്തി. ഇന്ന് വൈകിട്ടാണ് പ്രസിദ്ധമായ മണിമലക്കാവ് ആഴി പൂജ. തുടർന്ന് വ്യാഴാഴ്ച മണിമലക്കാവിൽ നിന്നും സംഘം ഏരുമേലിയിലേക്ക് യാത്ര തിരിക്കും. വെള്ളിയാഴ്ചയാണ് എരുമേലി പേട്ടതുള്ളൽ നടക്കുക. പൂജിച്ച സ്വർണ്ണത്തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിൽ എഴുന്നള്ളിച്ച് ആണ് യാത്ര. മുന്നൂറിൽപ്പരം സ്വാമിമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ശബരിമലയിലേക്ക് പത്തു നാൾ നീളുന്ന യാത്രയിൽ പങ്കെടുക്കുന്നത്. മാനത്ത് കൃഷ്ണ പരുന്തിനെ ദർശിക്കുന്നതോടെ ചരിത്ര പ്രസിദ്ധമായ പേട്ട തുള്ളൽ ആരംഭിക്കും. പേട്ട തുള്ളലിൽ പങ്കെടുക്കുന്ന സ്വാമിമാരെയും പേട്ടതുള്ളൽ കാണാൻ എത്തുന്ന ഭക്തരേയും അനുഗ്രഹിക്കുന്നതിനായി അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാൻ ഗരുഢാ രൂഢനായി എഴുന്നള്ളുന്നു എന്നതാണ് വിശ്വാസം. കൊച്ചമ്പലത്തിൽ നിന്നും ഇറങ്ങുന്ന സംഘം നേരെ വാവർ പള്ളിയിൽ പ്രവേശിക്കും. പുഷ്പവൃഷ്ടി നടത്തിയും കളഭം തളിച്ചും പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. തുടർന്ന് വാവരുടെ പ്രതിനിധി സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് നീങ്ങും. വലിയമ്പലത്തിൽ വാവരുടെ പ്രതിനിധി ഉൾപ്പടെയുള്ള സംഘത്തെ ദേവസ്വം അധികാരികൾ സ്വീകരിക്കും. തുടർന്ന് ക്ഷേത്ര പ്രദക്ഷിണവും നമസ്ക്കാരവും ചെയ്യുന്നതോടെ പേട്ടതുള്ളലിന് സമാപനമാകും. പേട്ടതുള്ളലിനു ശേഷം എരുമേലി ക്ഷേത്രത്തിൽ ആഴി പൂജ നടത്തി സംഘം പമ്പയിലേക്ക് യാത്രയാകും. മണിമലക്കാവ് അമ്മയുടെ അനുഭവകഥകൾ പറയുന്ന ഭക്തജനങ്ങൾ നിരവധിയാണ്. ഐതിഹ്യ വൈവിധ്യം കൊണ്ടും ക്ഷേത്രമാഹാത്മ്യം കൊണ്ടും പ്രത്യക്ഷാനുഭവങ്ങൾ കൊണ്ടും സുപ്രസിദ്ധിയാർജ്ജിച്ച ഈ ക്ഷേത്രത്തിൽ ദർശനത്തിനായി വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ഭക്ത ജനങ്ങൾ എത്തിച്ചേരുന്നു. മണിമലയാറിനോട് ചേർന്ന് അതിന്റെ കിഴക്കേക്കരയിൽ രാജകീയപ്രൗഢിയോടെ പരിലസിക്കുന്ന ക്ഷേത്രവും ഇരുകരകളേയും സുഖശീതളിമയാൽ അനുഗ്രഹിച്ചും ഫലഭൂയിഷ്ടമാക്കിയും മന്ദഗാമിനിയായി തെക്കോട്ടൊഴുകുന്ന നദിയും പടിഞ്ഞാറെക്കരയിൽ തലയുയർത്തി നിൽക്കുന്ന മനോമോഹനങ്ങളായ മലനിരകളും എല്ലാം കൂടി പ്രകൃതിരമണീയവും സ്വച്ഛന്ദ സുന്ദരവുമായ മണിമലക്കാവിൽ ദേവീചൈതന്യം നിറഞ്ഞുതുളുമ്പി നിൽക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക പുരാതനക്ഷേത്രങ്ങളെ സംബന്ധിച്ചും സുവ്യക്തമായ ചരിത്രരേഖകളോ കാലഗണനയോ ലഭ്യമല്ല. മണിമലക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിന്റെ ഭൂതകാലസ്മരണകൾ നിലനിർത്തുന്നതും വായ്മൊഴിയായി തലമുറകളായി കൈമാറി വന്നിട്ടുള്ള ഐതീഹ്യങ്ങളും അനുഭവ കഥകളുമാണ്. ഈ ക്ഷേത്രത്തെ സംബന്ധിച്ച ഐതിഹ്യങ്ങൾ ശബരിമല ശ്രീധർമ്മശാസ്താവുമായും അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമിയുമായും ബന്ധപ്പെട്ടിരിക്കുന്നു. തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് കൈമാറിവന്ന വിശ്വാസവും അതനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളുമായി ദൃഢീകരിക്കപ്പെട്ടിട്ടുള്ള ഐതീഹ്യങ്ങൾ ചരിത്രസത്യങ്ങളായി കാണുന്നതിൽ തെറ്റില്ല. അയ്യപ്പസ്വാമിയെ പുലിപ്പാലിനായി ഘോരവനത്തിലേയ്ക്കയക്കുകയും പിന്നീട് പശ്ചാത്താപ വിവശനായിത്തീർന്ന രാജാവ് അയ്യപ്പനെ തേടിപ്പിടിച്ചു തിരികെ കൊണ്ടുവരുവാനായി നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നും അനേക സംഘങ്ങളെ നിയോഗികുകയും ചെയ്തു. അയ്യപ്പന്റെ മാതൃസ്ഥാനീയമായ അമ്പലപ്പുഴ നിന്നും പുറപ്പെട്ട സംഘം സുപ്രധാനമായ ഒന്നായിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ അനുഗ്രഹത്തോടെ പുറപ്പെട്ട സംഘത്തെ നയിക്കുവാനും രക്ഷിക്കുവാനുമായി ഭഗവാന്റെ ആജ്ഞയനുസരിച്ച് വിഷ്ണുമായയായ സാക്ഷാൽ ഭഗവതിയും ദേവീപാർഷദനായ ഒരു ഭൂതത്താനും ഒപ്പം കൂടി. കൃഷ്ണപ്പരുന്തിന്റെ രൂപത്തിൽ ഭഗവാനും സ്വയം സംഘത്തെ അനുഗമിച്ചു. പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത സംഘം ഇപ്പോൾ മണിമലക്കാവ് ക്ഷേത്രമിരിക്കുന്ന ഉന്നതമായ സ്ഥലത്തു വന്നു വിശ്രമിച്ചു. രാത്രിയിൽ ആഴികൂട്ടി ഭജനകീർത്തനങ്ങൾ പാടിക്കൊണ്ടിരുന്ന സംഘത്തിന് സമീപത്തുണ്ടായിരുന്ന വില്വവൃക്ഷച്ചുവട്ടിൽ (കൂവളച്ചുവട്ടിൽ) സർവ്വഭൂതദയാപരനായ ഭൂതനാഥന്റെ (ശ്രീ ധർമ്മശാസ്താവിന്റെ) അത്ഭുത ദർശനമുണ്ടായി. കൂട്ട ശരണംവിളികൾ മുഴങ്ങി. അയ്യപ്പ ജ്യോതിസ് (ശാസ്താചൈതന്യം) ദൃശ്യമായ ശിലയെ അവർ അവിടെത്തന്നെ പ്രതിഷ്ഠിച്ചു. ഇതാണ് ഇന്നും മണിമലക്കാവിലെ കൂവളത്തറ ശാസ്താവ് എന്ന് ഭക്തജനങ്ങൾ വിശ്വസിച്ചു പോരുന്നത്. ധർമ്മശാസ്താവിന്റെ സാന്നിദ്ധ്യമുള്ള ഈ പുണ്യസ്ഥലം തന്റെ അധിവാസത്തിനനുയോജ്യമാണെന്നു നിശ്ചയിച്ചു ദേവി അപ്പോഴവിടെയുണ്ടായിരുന്ന സ്വയംഭൂ വിഗ്രഹത്തിൽ പടിഞ്ഞാറ് വശത്തുള്ള സരിത് സംഗമത്തിലേക്ക് (ആറും തോടും സംഗമിക്കുന്ന സ്ഥലം) ദർശനമായി കുടികൊള്ളുകയും, തന്റെ സമീപം വസിക്കുവാൻ പാർഷദനായ ഭൂതത്താനെ അനുവദിക്കുകയും ചെയ്തു. അയ്യപ്പസ്വാമിയെ അന്വേഷിച്ചിറങ്ങിയ അമ്പലപ്പുഴ സംഘം മണിമലക്കാവിൽ നിന്നും പുറപ്പെട്ട് പുലിക്കല്ലിൽ എത്തിയപ്പോൾ പാറയിൽ പുലികളെ കണ്ട് ഭയചകിതരായി ദേവിയെ വിളിച്ച് പ്രാർത്ഥിച്ചു. ഭക്തന്മാരുടെ വിളികേട്ട മണിമലക്കാവിലമ്മ പിടിയാനയെ തന്റെ വാഹനമാക്കി പുലിക്കല്ലിലേയ്ക്ക് എഴുന്നെള്ളി. ദേവിയെക്കണ്ട മാത്രയിൽ പുലികൾ പാറയിൽനിന്നും ഇറങ്ങി കാട്ടിൽ മറഞ്ഞു. ദേവിയുടെ അരുളപ്പാടനുസരിച്ച് പുലിയുടെ കാൽപ്പാടുകൾ നോക്കി സംഘം എരുമേലിയിൽ എത്തി. ദേവിയാകട്ടെ താൻ വാഹനമായി ഉപയോഗിച്ച പിടിയാനയ്ക്ക് പുലിക്കല്ലിൽ തന്നെ നോക്കി ധ്യാനി ച്ചിരിക്കുവാനുള്ള അനുവാദവും നൽകി മണിമലക്കാവിലേയ്ക്ക് മടങ്ങി. ആ പിടിയാന ദേവിയെ നോക്കി ധ്യാനിച്ചു വസിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു. പുലിക്കല്ലിനെ ഒരു വശത്തു നിന്നു നോക്കിയാൽ പാറയിൽ മുഖമമർത്തി ധ്യാനിച്ചിരിക്കുന്ന ഒരു പിടിയാനയുടെ രൂപം പോലെ കാണപ്പെടുന്നു. എരുമേലിയിലെത്തിയ സംഘം അവതാരോദ്ദേശ പൂർത്തികരണത്തിനുശേഷം അയ്യപ്പസ്വാമിയുടെ നേതൃത്വത്തിൽ ശബരിമലക്ഷേത്രനിർമ്മാണത്തിനും ദുഷ്ടനിഗ്രഹത്തിനുമായി പോകുകയായിരുന്ന ആയിരക്കണക്കിന് പടയാളികളുടേയും ഭക്തജനങ്ങളുടെയും സംഘത്തോട് ചേർന്ന് പേട്ടതുള്ളുകയും യാത്ര തുടരുകയും ചെയ്ത് ശബരിമലയിലെത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. ക്ഷേത്രം പണി പൂർത്തിയാക്കി മകരസംക്രമ നാൾ പ്രതിഷ്ഠിക്കപ്പെട്ട ധർമ്മശാസ്താവിന്റെ വിഗ്രഹത്തിൽ അയ്യപ്പസ്വാമി വിലയം പ്രാപിച്ച ധന്യനിമിഷത്തിനു സാക്ഷ്യം വഹിക്കുവാനും അമ്പലപ്പുഴസംഘത്തിനു ഭാ ഗ്യമുണ്ടായി. ഈ അപൂർവ്വ ദർശനത്താലുണ്ടായ ആ നിർവൃതിയോടെയാണവർ അമ്പലപ്പുഴയിലേയ്ക്ക് മടങ്ങിയത്. ഭക്തിവിശ്വാസത്തോടെ കരകളിലെ കരപെരിയോൻമാരുടേയും ഗുരുസ്വാമിയായ സമൂഹപെരിയോന്റെയും നേതൃത്വത്തിൽ പുറപ്പെടുന്ന അമ്പലപ്പുഴ സംഘം എല്ലാവർഷവും ധനു 23-ാം തീയതി മണിമലക്കാവിലെത്തി താവളമടിക്കുന്നു. ജാതിമത ഭേദമെന്യേ സ്ഥലവാസികളായ സജ്ജനങ്ങൾ ചേർന്ന് സമുചിതമായ വരവേൽപ്പ് നൽകുകയും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. അമ്പലപ്പുഴസംഘം ഇവിടെയുള്ള ഭക്തജനങ്ങളുമായി സമ്പർക്കം പുലർത്തിയും പരിചയം പുതുക്കിയും ദേവിയെ ആരാധിച്ചും രണ്ടു ദിവസം തങ്ങി ധനു 25-ാം തീയതി ആഴിപൂജയും നടത്തിയശേഷം 26-ാം തീയതി എരുമേലിയിലേയ്ക്ക് യാത്രയാകുന്നു. ഈ സംഘത്തെ കൂടാതെ മറ്റനേകം അയ്യപ്പഭക്തരും ക്ഷേത്രത്തിൽ വന്ന് വിരി വയ്ക്കുകയും ക്ഷേത്രത്തിലും പുലിക്കല്ലിലും ദർശനം നടത്തുകയും ചെയ്തുവരുന്നു.