കോട്ടയം: സന്യാസജീവിതം സാധാരണ ജനതയുടെ സമൂഹ്യ പുരോഗതിയെ ലക്ഷ്യമാക്കി വിനിയോഗിക്കുന്ന അതീവ ശ്രദ്ധാലുവായ മഹത് വ്യക്തിത്വത്തിനുടമയാണ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായെ കോട്ടയം ക്‌നാനായ കത്തോലിക്കാ മെത്രാസന മന്ദിരത്തിലെത്തി ആശംസകള്‍ അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തിന് മാർഗ്ഗദീപമായ വ്യക്തിത്വമാണ് മാർ. മാത്യു മൂലക്കാട്ട് പിതാവ്. അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം സ്വാന്ത്വനത്തിന്റെയും കരുതലിന്റേതുമാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ പിന്നോക്കം നിൽക്കുന്നവരെ മുന്നോക്കം കൊണ്ടുവരാനും അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ് എന്നും മന്ത്രി പറഞ്ഞു. രജതജൂബിലി വർഷത്തിൽ കൂടുതൽ മികവോടെ കരുത്തോടെ മുന്നോട്ടു നീങ്ങാൻ കഴിയട്ടെ എന്നും മന്ത്രി വി എൻ വാസവൻ ആശംസിച്ചു. തോമസ് ചാഴികാടന്‍ എം.പി, എം.എൽ.എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു എന്നിവരും കോട്ടയം അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മാത്യു കൊല്ലമലകരോട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.