കോട്ടയം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് - കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദം പാത്തി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഇന്ന് ശക്തമായ മഴയാണ് ലഭിച്ചത്. വൈകുന്നേരത്തോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായത്. രാത്രി വൈകിയും മഴ തുടരുകയാണ്.