സർക്കാർ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ ; മന്ത്രി വി.എൻ വാസവൻ.


കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്ന് സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ. നീണ്ടൂർ എസ്.കെ.വി സ്കൂളിലെ എൽ.പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി .  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ഞൂറ്  കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകൾക്ക്  പശ്ചാത്തല സൗകര്യത്തിനായി ഒരു കോടി രൂപ അനുവദിക്കുകയുണ്ടായി. കോട്ടയം ജില്ലയിൽ ഒൻപതു സ്കൂളുകൾക്കാണ് ഇപ്രകാരം തുക അനുവദിച്ചത്. അതിൽ ഒന്നാണ് നീണ്ടൂർ എസ്.കെ.വി  ഹയർസെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിന് ലഭിച്ച കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2300  സ്കൂളുകൾ പുനരുദ്ധരിച്ചു. എയ്ഡഡ് മേഖലയ്ക്ക് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി സർക്കാർ  പണം ചെലവഴിക്കുന്നതും ആദ്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇന്നവേഷൻ സെന്ററുകൾ ഉൾപ്പെടെ സാധ്യമാക്കി.  വിദേശ രാജ്യങ്ങളിൽ പോകാതെ തന്നെ നമ്മുടെ നാട്ടിൽ തന്നെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം സാധ്യമാക്കാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ പാർക്കിങ് ഷെഡ്, ഗോൾ പോസ്റ്റ്  എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. വിദ്യാകിരണം ജില്ലാ  കോ- ഓർഡിനേറ്റർ കെ.ജെ പ്രസാദ് പദ്ധതി വിശദീകരിണം നടത്തി. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാർ ,ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ,  ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.