കോട്ടയം നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ 'സ്‌നേഹാരാമ'ത്തിലൂടെ പൂന്തോട്ടമായി.


കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ സ്‌നേഹാരാമം പദ്ധതിയിലൂടെ കോട്ടയം നഗരസഭയിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ പൂന്തോട്ടങ്ങളായി മാറി. കോട്ടയം നഗരസഭയിലെ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും 17 നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നഗരസഭയിൽ മാലിന്യം നിക്ഷേപിക്കപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റിയത്. ഇവിടെ വീണ്ടും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് പൂന്തോട്ടങ്ങൾ സ്ഥാപിക്കുന്നത്. നവംബർ ആദ്യവാരം ആരംഭിച്ച പദ്ധതി ഡിസംബർ അവസാനത്തോടെ പൂർത്തീകരിച്ചു. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌നേഹാരാമങ്ങളുടെ തുടർപരിപാലനം എൻ.എസ്.എസ്. നിർവഹിക്കും. ഇതിനായി ഓരോ സ്‌നേഹാരമങ്ങൾക്കും 5000 രൂപ വീതം ശുചിത്വമിഷൻ നൽകും. കോടിമതയിലെ പാർക്കിംഗ് ഗ്രൗണ്ട്, അനശ്വര പോയിന്റ്, സെമിത്തേരി റോഡ്, തിരുവാതുക്കൽ- അങ്ങാടി റോഡ്, പുന്നപ്പറമ്പ്, ലോഗോസ് ജംഗ്ഷൻ, തുറമുഖം റോഡ്, എസ്.എച്ച്. മൗണ്ട് -ചുങ്കം റോഡിലെ ഗാന്ധി പ്രതിമ ജങ്ഷൻ, പുതിയ കോവിൽ, ഇറഞ്ഞാൽ പാലം, ബോട്ട് ജെട്ടി റോഡ്, കളത്തിക്കടവ് പാലം, നീലിമംഗലം, തൂത്തുട്ടി കവല, പുത്തൻ പാലം മിനി എം.സി.എഫ് പരിസരം, കോട്ടയം കുടുംബാരോഗ്യ കേന്ദ്രം പരിസരം, പുത്തൻ പാലം തുമ്പൂർമുഴി പരിസരം എന്നിവിടങ്ങളിലാണ് സ്‌നേഹാരാമങ്ങൾ നിർമിച്ചത്.