കോട്ടയം: നിരാലംബർക്കടക്കം സഹായകമാകുംവിധം സാധന-സാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാൻ ഒരിടമൊരുക്കുന്ന 'വോൾ ഓഫ് ലൗവി'ന് ജില്ലയിൽ തുടക്കം. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും സംയുക്തമായാണ് 'വോൾ ഓഫ് ലൗവ്' എന്ന പങ്കുവയ്ക്കൽ ഇടങ്ങൾ സ്ഥാപിക്കുന്നത്. പൊതുഇടങ്ങളിലും ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും സ്ഥാപിക്കുന്ന 'വോൾ ഓഫ് ലൗ' കബോർഡുകളിൽ നമ്മൾ ഉപയോഗിക്കാതെ വെറുതോ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദവുമായ സാധന-സാമഗ്രികൾ സംഭാവനയായി വയ്ക്കാം. നിരാലംബർക്കടക്കം ഉപകാരപ്പെടുന്ന പുതിയ വസ്ത്രങ്ങളടക്കമുള്ള എല്ലാ സാധന-സാമഗ്രികളും സംഭാവനയായി നൽകാം. ആവശ്യമുള്ളവർക്ക് ഇത് എടുത്തുകൊണ്ടുപോയി ഉപയോഗിക്കാം. കോട്ടയം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച വോൾ ഓഫ് ലൗവിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർവഹിച്ചു. ജില്ലാ കളക്ടർ ബാഗ് സംഭാവനയായി വോൾ ഓഫ് ലൗ കബോർഡിൽ വച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്നവർക്കായി ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കബോർഡ് സ്ഥാപിച്ചതിനൊപ്പം ബഡ്ഷീറ്റ്, വസ്ത്രങ്ങൾ, തുണികൾ, പേസ്റ്റ്, സോപ്പ്, ബ്രഷ്, ബക്കറ്റ്, മഗ് തുടങ്ങി നിർധനരും ആലംബഹീനരുമായ രോഗികൾക്ക് ആശുപത്രിവാസവുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടിവരുന്ന സാധന-സാമഗ്രികളാണ് വോൾ ഓഫ് ലൗവിൽ സംഭാവനയായി ലയൺസ് ക്ലബ് നൽകിയത്. ആവശ്യക്കാർക്ക് ഇവ എടുത്ത് ഉപയോഗിക്കാം. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് സാധനസാമഗ്രികൾ വാങ്ങി ഇവിടുത്തെ വോൾ ഓഫ് ലൗ കബോർഡിൽ വയ്ക്കാം. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽ കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ലയൺസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ഡോ. ബിനോ ഐ. കോശി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശിരസ്തദാർ എൻ.എസ്. സുരേഷ് കുമാർ, ഹെഡ് നഴ്‌സ് അനിത, വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ്, ക്യാമ്പിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ്, എൽ.സി.ഐ.എഫ്. കോ-ഓർഡിനേറ്റർ പി.സി. ചാക്കോ, റീജണൽ ചെയർപേഴ്‌സൺ അനിൽ പി.എസ്. നായർ എന്നിവർ പങ്കെടുത്തു.
വരൂ കരുതലും സ്‌നേഹവും പങ്കുവയ്ക്കാം.
''വോൾ ഓഫ് ലൗ പരസ്പരം അറിയാതെ സാധന-സാമഗ്രികൾ പങ്കുവയ്ക്കാനുള്ള ഒരിടമാണ്. നമ്മൾ ഉപയോഗിക്കാതെ നിരവധി വസ്തുക്കളും സാധനങ്ങളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരിക്കാം. എന്നാലത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഇത് കൈമാറാൻ കഴിയുന്ന ഒരിടമാണ് വോൾ ഓഫ് ലൗ. പുതിയ വസ്ത്രങ്ങളും സാധന-സാമഗ്രികളുമടക്കം എന്തും ഇങ്ങനെ സംഭാവനയായി വോൾ ഓഫ് ലൗവിൽ വയ്ക്കാം. ആരാണ് സംഭാവനയായി നൽകിയിട്ടുള്ളതെന്നോ ആരാണ് അത് എടുത്ത് ഉപയോഗിക്കുന്നതെന്നോ പരസ്പരം അറിയുന്നില്ല. ആവശ്യക്കാർക്ക് എടുത്ത് ഉപയോഗിക്കാം. അത് ചിലപ്പോൾ കുട്ടികൾ ഉപയോഗിച്ച ചെറിയ സൈക്കിളാകാം. സൈക്കിൾ വാങ്ങാൻ കഴിവില്ലാത്തവരുടെ മക്കൾക്ക് ഉപയോഗയോഗ്യമായ ആ സൈക്കിൾ ഉപകാരപ്പെട്ടേക്കാം. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവർക്ക് ചിലപ്പോൾ അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകാം. അത് വോൾ ഓഫ് ലൗവിലൂടെ നമുക്ക് നൽകാനാകും. അവർക്ക് സഹായമേകാനാകും. ആർക്കും എന്തും വോൾ ഓഫ് ലൗവിൽ സംഭാവനയായി വയ്ക്കാം. ആവശ്യമുള്ള ആർക്കും അത് എടുത്ത് ഉപയോഗിക്കാം. സ്‌നേഹം പങ്കിടുന്നത് ഇങ്ങനെയുമാകാമെന്നാണ് പദ്ധതി ചൂണ്ടിക്കാട്ടുന്നത്. കോട്ടയം അക്ഷരങ്ങളുടെയും കായലിന്റെയും റബറിന്റെയും ഒപ്പം സ്‌നേഹത്തിന്റെയും നാടാണ്. ജില്ലയിൽ എല്ലായിടത്തും വോൾ ഓഫ് ലൗ സ്ഥാപിക്കുകയാണ് ലക്ഷ്യം. എല്ലാവരും പദ്ധതിയോട് സഹകരിക്കുമെന്നാണ് പ്രതീക്ഷ.''
വി. വിഗ്‌നേശ്വരി,ജില്ലാ കളക്ടർ