കോട്ടയം: കേരള വനിത കമ്മീഷനും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയും കുടുംബശ്രീ സി.ഡി.എസും ചേർന്ന് വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ സംസ്ഥാന വനിത കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണവും സ്ത്രീധന പീഢനങ്ങളും എന്ന വിഷയത്തിൽ അഡ്വ. സിന്ധു മാത്യുവും സ്ത്രീകളും സാമൂഹിക പദവിയും എന്ന വിഷയത്തിൽ ജെൻഡർ റിസോഴ്‌സ് പേഴ്‌സൺ കെ.എൻ. ഷീബയും വിഷയം അവതരിപ്പിച്ചു. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ, സ്ത്രീധനമുക്ത കേരളത്തെ വാർത്തെടുക്കൽ, സ്ത്രീ സുരക്ഷാ നിയമങ്ങൾ, സാമൂഹിക തുല്യത എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അർച്ചന രതീഷ്, ജോമോൻ ജോണി, സണ്ണി പുതിയിടം, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിൻസൻ ജേക്കബ്, തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ബിന്ദു മാത്യൂ, ഉഷാ സന്തോഷ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. ജിജി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എസ്. വിഷ്ണുപ്രിയ, സി.ഡി.എസ്. ചെയർപേഴ്‌സൺ അശ്വതി ദിപിൻ എന്നിവർ പങ്കെടുത്തു.