കാഞ്ഞിരപ്പള്ളി: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് പുതിയിടത്ത് ജിജി ജോസിന്റെയും ബീനയുടെയും മകൻ ആശിഷ് ജിജി (28)യാണ് ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ആശിഷ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിനു പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുൻപാണ് ആഷിഷിന്റെ അനുജൻ അലൻ രോഗബാധിതനായി മരണമടഞ്ഞത്. രണ്ട് മാസത്തിനിടെ ഒരു വീട്ടിൽ രണ്ടു യുവാക്കളുടെ മരണത്തിന്റെ വേദനയിലാണ് നാട്. ആഷിഷിന്റെ അപകട വാർത്ത ഞെട്ടലോടെയാണ് ബുധനാഴ്ച രാവിലെ നാടറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കും.