കോട്ടയം: കോട്ടയം ഐരാറ്റുനടയിൽ കുറ്റിക്കാട് റോഡ് ഇറക്കത്തിൽ തുറന്നു കിടന്ന ഓടയിലേക്കു സ്കൂട്ടർ മറിഞ്ഞ് ഇലക്ട്രിഷ്യൻ മരിച്ച സംഭവത്തിൽ പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച് ഭാര്യ. ഈ മാസം 2 നു രാത്രിയാണ് ഇലക്ട്രിഷ്യനായ ബിനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കോട്ടയം ഐരാറ്റുനടയിൽ കുറ്റിക്കാട് റോഡ് ഇറക്കത്തിൽ തുറന്നു കിടന്ന ഓടയിലേക്കു മറിഞ്ഞത്. റോഡിനോട് ചേർന്ന് അപകടകരമായ വിധത്തിൽ തുറന്നു കിടക്കുന്ന ഓടയിലേക്കാണ് സ്‌കൂട്ടർ മറിഞ്ഞത്. മറിഞ്ഞ സ്കൂട്ടറിന്റെ വെളിച്ചം കണ്ടാണ് അപകടം സംഭവിച്ചതായി പ്രദേശവാസികൾ മനസ്സിലാക്കിയത്. ആളുകൾ എത്തി ബിനുവിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പലപ്പോഴായി പഞ്ചായത്ത് അധികൃതരോട് ഈ സ്ഥലത്തെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച ആളായിരുന്നു ഭർത്താവ് ബിനു എന്ന് ആൻസി പറഞ്ഞു. 'അപകടം നടന്നു 10 ദിവസമായിട്ടും ഒരു നടപടിയും പഞ്ചായത്ത് സ്വീകരിക്കാത്തത് ഒരു മനുഷ്യ ജീവൻ എത്ര നിസ്സാരമായാണ് കാണുന്നതെന്ന് എന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു' എന്നും ആൻസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇനി ഒരു ജീവനും അവിടെ പൊലിയരുത് എന്നും ഇനി ഒരു കുടുംബവും അനാഥരാവരുത് എന്നും ആൻസി കുറിപ്പിൽ പറയുന്നു. റോഡിന്റെ ഇറക്കവും വളവും സ്ഥലത്ത് കാട് മൂടിക്കിടക്കുന്നതിനാലും മൂടിയില്ലാത്ത ഓട പെട്ടന്ന് ശ്രദ്ധയിൽപ്പെടില്ല. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു പിന്നാലെ പഞ്ചായത്ത് അധികൃതർ ആൻസിയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് സ്ഥലത്തെ കാട് വെട്ടിത്തെളിച്ചിട്ടുണ്ട്. വഴി വിളക്ക് പോലുമില്ലാത്ത ഈ ഭാഗത്ത് മുൻപും പലരും വീണിട്ടുണ്ട്.