കോട്ടയം: കോട്ടയത്ത് കഞ്ചാവ് ലഹരിയിൽ ദമ്പതികളുടെ പരാക്രമം. കഞ്ചാവ് ലഹരിയിൽ അമിതവേഗതയിൽ അപകടകരമായ വിധത്തിൽ വാഹനമോടിച്ചു ഭീതി പരത്തിയ ദമ്പതികളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി അരുൺ, ഇയാളുടെ ഭാര്യയും കർണാടക സ്വദേശിനിയുമായ ധനുഷ എന്നിവരെയാണ് പോലീസ് പിടികൂടിയത്. 5 കിലോമീറ്ററോളം ദൂരമാണ് ഇവർ അമിത വേഗതയിൽ കാർ ഓടിച്ചത്. ഇവരുടെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷവും നിർത്താതെ പോകുകയായിരുന്നു. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെയാണ് ഇവർ വാഹനം അമിത വേഗതയിൽ ഓടിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ചേശേഷം നിർത്താതെ പോയ ഇവരുടെ കാർ ചിങ്ങവനം പൊലീസ് പൊലീസ് സ്റ്റേഷനു സമീപം റോഡിൽ ക്രെയിൻ കുറുകെയിട്ട് തടയുകയായിരുന്നു. വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതിരുന്ന ഇരുവരെയും പോലീസ് ബലം പ്രയോഗിച്ചാണ് പുറത്തിറക്കിയത്. ഇവരുടെ കാറിൽ നിന്നും കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.