കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർഥാടന സ്ഥലങ്ങളും മാലിന്യമുക്തമാക്കാനുള്ള കർമപദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ആദ്യഘട്ടത്തിൽ ജില്ലയിലെ 28 സ്ഥലങ്ങൾ തെരഞ്ഞെടുത്ത് ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിലവിലെ അവസ്ഥാവിശകലനം നടത്തി. ഓരോ പ്രദേശത്തിനും അനുയോജ്യമായ കർമപദ്ധതി തയാറാക്കി മാർച്ചിൽ നടപ്പാക്കാൻ തീരുമാനിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വിനോദ സഞ്ചാര-തീർത്ഥാടന കേന്ദ്രങ്ങളിലെ അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കലക്ടർ വി. വിഗ്നേശ്വരി വിഷയാവതരണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ പത്മകുമാർ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.കെ. ജയകൃഷ്ണൻ, ടെക്നിക്കൽ കൺസൾട്ടന്റ് സാജിയോ ജോസഫ് എന്നിവർ സംസാരിച്ചു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ ഓണാശംസാ കാർഡ് മത്സരത്തിലെ വിജയികൾക്കും പുതുപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതബൂത്ത് തയാറാക്കൽ മത്സരത്തിൽ വിജയികളായ പുതുപ്പള്ളി, വാകത്താനം ഗ്രാമപഞ്ചായത്തുകൾക്കുമുള്ള സമ്മാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും വിതരണം ചെയ്തു.