കോട്ടയം: ജില്ലാ കളക്ടറുടെ മേശയ്ക്ക് അലങ്കാരമായി അഞ്ചാം ക്ലാസ് വിദ്യാർഥിനി അനുഗ്രഹയുടെ സമ്മാനം. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷൻ സംഘടിപ്പിച്ച 'ഈ ഓണം വരുംതലമുറയ്ക്ക്' ആശംസ കാർഡ് ജില്ലാതല മത്സരത്തിൽ യു.പി. സ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ മിടുക്കിയാണ് പാലാ കാർമ്മൽ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അനുഗ്രഹ എസ്. കളരിക്കൽ. ചിരട്ട, പിസ്തയുടെ തൊണ്ട് എന്നിവ കൊണ്ട് നിർമിച്ച കുഞ്ഞുടുപ്പിന്റെ മാതൃകയിലുള്ള ഭംഗിയേറിയ അലങ്കാരവസ്തുവാണു അനുഗ്രഹ ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരിക്ക് സമ്മാനമായി നൽകിയത്. പ്രകൃതിദത്ത വസ്തുക്കൾക്കൊണ്ട് അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിനോടൊപ്പം ബോട്ടിൽ ആർട്ട്, സംഗീതം, നീന്തൽ എന്നിവയിലും അനുഗ്രഹ് കഴിവുതെളിയിച്ചിട്ടുണ്ട്. പാലാ മുത്തോലി കളരിക്കൽ ശ്രീകുമാർ-ആശ ശ്രീകുമാർ ദമ്പതികളുടെ മകളാണ് അനുഗ്രഹ. നമ്മൾ പാഴ്‌വസ്തുക്കളെന്ന് കരുതുന്നവയെല്ലാം പാഴല്ലെന്നും കരവിരുതിൽ മനംമയക്കും വസ്തുക്കളാക്കി മാറ്റാമെന്നും മനസിലാക്കി തരുന്നതാണ് എനിക്കു ലഭിച്ച സമ്മാനമെന്നും എല്ലാ കുട്ടികൾക്കും ഈ മാതൃക അനുകരിക്കാവുന്നതാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു.