കോട്ടയം: മമ്മൂട്ടി നായകനാകുന്ന രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ഭ്രമയുഗ’ത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു കോട്ടയത്തെ പുഞ്ചമൺ ഇല്ലം. ചിത്രത്തിൽ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ് എന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ് എന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ തങ്ങളുടെ ഇല്ലത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട് എന്നും ഹർജിയിൽ പറയുന്നു. ഭ്രമയുഗത്തില്‍ ഐതീഹ്യമാലയില്‍ നിന്നും എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് പറയപെടുന്നതെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കോട്ടയത്തെ പുഞ്ചമൺ ഇല്ലം ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. ഫെബ്രുവരി 15 ന് 22ലധികം രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. യു കെ, ഫ്രാന്‍സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.