മമ്മൂട്ടി നായകനാകുന്ന 'ഭ്രമയുഗ'ത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കോട്ടയം പുതുപ്പള്ളിയിലെ പുഞ്ചമണ്‍ ഇല്ലവും! ആരാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ


കോട്ടയം: മമ്മൂട്ടി നായകനാകുന്ന രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ഭ്രമയുഗ’ത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കോട്ടയം പുതുപ്പള്ളിയിലെ പുഞ്ചമണ്‍ ഇല്ലവും. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിൻറെ കൂടുതൽ വിശേഷങ്ങൾ സിനിമാ ആസ്വാദകരിലേക്ക് എത്തിത്തുടങ്ങിയത്. തന്റെ സിനിമാ കരിയറിൽ ഇതുവരെയില്ലാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ കുഞ്ചമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടു കൂടുതൽ വിശേഷങ്ങൾ പുറത്തെത്തിയതോടെയാണ് ചിത്രത്തിനൊപ്പം കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലെ പുഞ്ചമണ്‍ ഇല്ലവും ചർച്ചയിൽ ഇടം നേടിയത്. പുഞ്ചമണ്‍ ഇല്ലത്തെ മഹാമാന്ത്രികനായ പുഞ്ചമണ്‍ പോറ്റിയുടെ കഥയാണ് ചിത്രത്തിൽ പരാമർശിക്കുന്നതെന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു. ഇതോടെ ഏറെപ്പേരും തിരക്കിയത് ഇല്ലത്തെ കുറിച്ചതും അവിടുത്തെ വിശേഷങ്ങളുമാണ്. 

ആരാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പരാമർശിക്കുന്ന മഹാമാന്ത്രികനായ പുഞ്ചമണ്‍ പോറ്റി? 

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ചാത്തന്മാരുടെ കാവലിലുള്ള പുഞ്ചമണ്‍ ഇല്ലം. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പരാമർശിക്കുന്ന മഹാമാന്ത്രികനായ പുഞ്ചമണ്‍ പോറ്റി മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരുടെ ഉറ്റസുഹൃത്തുമായിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റിയതായും പറയപ്പെടുന്നു. മാന്ത്രിക വിദ്യകളുടെ ഈറ്റില്ലമെന്നാണ് പുഞ്ചമണ്‍ ഇല്ലം അറിയപ്പെടുന്നത്. മാന്ത്രിക വിദ്യകളുടെ രാജാവെന്ന് അറിയപ്പെടുന്ന പുഞ്ചമണ്‍ പോറ്റി രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് നൂറ്റാണ്ട് മുമ്പ് ഇന്ന് ഇല്ലം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എത്തിയതും ഇന്ന് കാണുന്ന ഇല്ലം നിര്‍മിച്ചതും. അതുവരെ അദ്ദേഹം മാവേലിക്കരയിലായിരുന്നു താമസം. ബാലശാസ്താവ് (കുട്ടിച്ചാത്തന്‍) നെ പ്രത്യേകമായി പുഞ്ചമണ്‍ ഇല്ലത്ത് ഉപാസിച്ചിരുന്നു. ഈ ഉപാസനകളില്‍ നിന്ന് കിട്ടിയ സിദ്ധിയായ മന്ത്രവാദത്തില്‍ ഈ ഇല്ലത്തെ ഓരോ തലമുറയില്‍പ്പെട്ടവര്‍ പ്രഗത്ഭരാകുകയും ചെയ്തു. പുഞ്ചമണ്‍ പോറ്റിയെ തേടി അന്ന് ദക്ഷിണേന്ത്യയിലെ പലഭാഗത്തുനിന്നും ആള്‍ക്കാര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. സമാനകാലത്ത് തന്നെ ജീവിച്ചിരുന്ന മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ പുഞ്ചമണ്‍ പോറ്റിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. പോറ്റിയുടെ ക്ഷണപ്രകാരം ഒരിക്കല്‍ വള്ളത്തില്‍ കത്തനാര്‍ ഇല്ലം സന്ദര്‍ശിക്കാനെത്തി. കടവില്‍ ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് ഇല്ലത്തേക്ക് കൊണ്ടുവന്ന് നല്ല രീതിയില്‍ തന്നെ പോറ്റി സല്‍ക്കരിച്ചു. തിരിച്ചുപോകാനായി കടവിലേക്ക് ചെന്നപ്പോള്‍ അവിടെ കത്തനാര്‍ വന്ന വള്ളം കാണാനില്ലായിരുന്നു. പുഞ്ചമണ്‍ പോറ്റി തന്റെ മന്ത്രസിദ്ധി ഉപയോഗിച്ച് കത്തനാറുടെ വള്ളം മരത്തിന് മുകളിലേക്ക് കയറ്റിവച്ചിരുന്നു. വള്ളമിറക്കാന്‍ ഞാന്‍ ഇല്ലത്തെ അന്തര്‍ജനങ്ങളെ വരുത്തിക്കും' എന്ന് കത്തനാര്‍ മറുപടി പറഞ്ഞപ്പോള്‍ തോല്‍വി സമ്മതിച്ച പോറ്റി മന്ത്രിച്ച് വള്ളം താഴേക്ക് താഴേക്ക് ഇറക്കി. എന്നാല്‍ ഇനി ഞാന്‍ വേറെ വഴിയില്‍ പൊയ്‌ക്കൊള്ളാന്‍ എന്ന് പറഞ്ഞ കത്തനാര്‍ ഒരുവാഴയില വള്ളമാക്കി അവിടെ നിന്ന് യാത്രതിരിച്ചു എന്നതാണ് കഥ. ചരിത്രത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പുഞ്ചമണ്‍ ഇല്ലത്തുണ്ട്. ഇന്നും മന്ത്രങ്ങളടക്കം അമൂല്യവിവരങ്ങളടങ്ങുന്ന താളിയോലകളും ഗ്രന്ഥങ്ങളുമെല്ലാം പുഞ്ചമണ്‍ ഇല്ലത്ത് സൂക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഉപാസനമൂര്‍ത്തികളുടെ പ്രതിഷ്ഠകളും ഇന്നും ഇല്ലത്ത് കാണാം.