കോട്ടയം: സംസ്ഥാന ബജറ്റിൽ കോട്ടയം ജില്ലയ്ക്ക് അർഹമായ പരിഗണന ലഭിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. റബർ കർഷകരുടെ ആവശ്യമായ സബ്‌സിഡി വർദ്ധനവ് സർക്കാർ നടപ്പിലാക്കി. പത്തു രൂപയുടെ വർദ്ധനയാണ് സബ്‌സിഡി തുകയിൽ വരുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ റബർ കർഷകരെ പാടെ അവഗണിക്കുന്ന സമീപനം തുടരുന്നതിനിടയിലാണ് സംസ്ഥാനത്തിന്റെ ഈ നടപടി. ജില്ലയിലെ പ്രധാന പദ്ധതികൾക്ക് മാത്രമായി 100 കോടി രൂപയാളമാണ് അനുവദിച്ചിരിക്കുന്നത്. എയിംസ് നിലവാരത്തിലേക്ക് ഉയരുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ചികിത്‌സാ ഉപകരണങ്ങൾ വാങ്ങുന്നതിനും, ആശുപത്രയിൽ സ്‌ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിനും പണം അനുവദിച്ചു. 32 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പുതുതായി വിഭാവനം ചെയ്തിരിക്കുന്ന മെഡിക്കൽ ടൂറിസം പദ്ധതിയിലും കോട്ടയം മെഡിക്കൽ കൊളേജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളൂരിൽ നിർമ്മാണം പുരോഗമിക്കുന്ന കേരള റബർ ലിമിറ്റഡിനായി 9 കോടി രൂപയാണ് ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഏറ്റുമാനൂർ മിനിസിൽ സ്റ്റേഷൻ പദ്ധതിക്കായി ഇത്തവണ 17 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. നടപ്പാക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിച്ചിരുന്ന പല പദ്ധതികൾക്കും ഇത്തവണ പണം അനുവദിക്കുകയും തുക വകയിരുത്തുകയും ചെയ്തിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന പദ്ധതികൾക്കായി 2024-2025 ബജറ്റിൽ 65.7 കോടി രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിന്റെ വികസന പദ്ധതികൾക്കായി 32 കോടി രൂപയാണ് അനുവദിച്ചത്. കേരളത്തിൽ ആദ്യമായി മെഡിക്കൽ കോളേജിൽ മജ്ഞമാറ്റിവയ്ക്കൽ ചികിത്‌സ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി 1.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്‌ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിന് 1.5 കോടി രൂപയും മെഡിക്കൽ കോളജിൽ അനുവദിച്ചിട്ടുണ്ട്. എയിംസ് നിലവാരത്തിലേക്ക് ഉയരുന്ന കോട്ടയം മെഡിക്കൽ കോളജിനെ സംസ്ഥാന സർക്കാർ പുതുതായി വിഭാവനം ചെയ്തിരിക്കുന്ന മെഡിക്കൽ ടൂറിസം പദ്ധതിയിലും കോട്ടയം മെഡിക്കൽ കൊളേജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമാനൂർ മിനിസിവിൽ സ്റ്റേഷൻ രണ്ടാം ഘട്ടത്തിനായി 17 കോടി രൂപ, കുടമാളൂർ മാന്നാനം റോഡ് 1.4 കോടി, അതിരമ്പുഴ ഏറ്റുമാനൂർ റോഡ് 1.4 കോടി, അടിച്ചിറ മാന്നാനം റോഡ് 90ലക്ഷം, ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് 5 കോടി, പുത്തൻ തോട് പരിപ്പ് തൊള്ളായിരം റോഡിന് 8 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.