കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മികച്ച പ്രവർത്തനം നടത്താൻ കഴിഞ്ഞു എന്നതിൽ വലിയ അഭിമാനമുണ്ട് എന്നും എംപി ഫണ്ട് 100 ശതമാനവും വിനിയോഗിച്ച് 282 പദ്ധതികൾ പൂർത്തിയാക്കിയതായും എം പി തോമസ് ചാഴികാടൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ്സ് സാരഥിയായി തോമസ് ചാഴികാടൻ തന്നെയാണ് മത്സര രംഗത്തുള്ളത്. 1991ൽ കെ എം മാണിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് എന്നും കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാനായി എന്ന ചാരിതാർത്ഥ്യത്തോടെയാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ഒരിക്കൽ കൂടി മത്സരിക്കാൻ എത്തുന്നതെന്നും തോമസ് ചാഴികാടൻ പറഞ്ഞു. 940 കോടിയുടെ റെയിൽവേ വികസനം, ആധുനിക നിലവാരത്തിലുള്ള പാസ്പോർട്ട് സേവാ കേന്ദ്രം, 92 കിലോമീറ്ററിലേറെ ഗ്രാമീണ റോഡുകൾ എന്നിവ പൂർത്തിയാക്കാൻ കഴിഞ്ഞു. ഭിന്നശേഷി സൗഹ്യദമായികോട്ടയം മണ്ഡലത്തെ മാറ്റാൻ കഴിഞ്ഞതിലും ഏറെ അഭിമാനമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിലും പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്താനായി എന്നും പ്രതിസന്ധിയിൽ നട്ടം തിരിയുന്ന റബർ കർഷകനുവേണ്ടിയും വന്യജീവി ആക്രമണത്തിൽ ദുരിതം നേരിടുന്ന മലയോര കർഷകനു വേണ്ടിയും നിരവധി തവണ ഇടപെടൽ നടത്താനായതും തിരിഞ്ഞു നോക്കുമ്പോൾ നേട്ടമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും പാർട്ടി ചെയർമാനായിരുന്ന കെ എം മാണിയായിരുന്നു തന്റെ പേര് പ്രഖ്യാപിച്ചത് എന്നും അദേഹമില്ലാത്ത തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് കൂടിയാണിത് എന്നും തോമസ് ചാഴികാടൻ പറഞ്ഞു.