കോട്ടയത്ത് കണ്ടെയിനർ ലോറി സ്‌കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്നതിനിടെ.


കോട്ടയം: കോട്ടയത്ത് കണ്ടെയിനർ ലോറി സ്‌കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നീറിക്കാട് കൊല്ലംകുഴി ബിനോയിയുടെ ഭാര്യ പ്രീയ ബിനോയി(42)യാണ് കോട്ടയം നാഗമ്പടം മേൽപ്പാലത്തിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്നതിനിടെയാണ് പ്രിയയുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞത്. ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടർ നാഗമ്പടം മേൽപ്പാലത്തിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ടയിനർ ലോറി സ്‌കൂട്ടറിൽ പിടിച്ചതോടെ സ്‌കൂട്ടർ നിയന്ത്രണംവിട്ടു ലോറിക്കടിയിലേക്ക് മറിയുകയും ഇരുവരും ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും ലോറിയുടെ അടിയിൽ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടെയിനർ ലോറിക്കടിയിൽ ഇരുവരും അപകടപ്പെട്ടു കിടക്കുന്നത് ഡ്രൈവർ അറിഞ്ഞിരുന്നില്ല എന്നാണു പോലീസ് പറയുന്നത്. നാഗമ്പടത്ത് ബ്ലോക്ക് പരിഹരിക്കാനെത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഇരുവരെയും ആംബുലൻസിൽ ആശുപതിയിൽ എത്തിച്ചത്. കണ്ടെയിനർ ലോറിയുടെ ഇടതു വശത്തു കൂടി എത്തിയ സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടതെന്നും ഇടതുവശം ചേർന്നെത്തിയ വാഹനം ഡ്രൈവർ കണ്ടിരുന്നില്ല എന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ കണ്ടെയിനർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗംഗ,ഗായത്രി എന്നിവരാണ് മക്കൾ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക് മാറ്റി.