കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് പെരുമ്പാവൂർ സ്വദേശിയും മുടിയേറ്റ് കലാകാരനുമായ യുവാവിന് ദാരുണാന്ത്യം.


കോട്ടയം: കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് പെരുമ്പാവൂർ സ്വദേശിയും മുടിയേറ്റ് കലാകാരനുമായ യുവാവിന് ദാരുണാന്ത്യം. മുടിയേറ്റ് കലാകാരൻ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ(32)ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ കോട്ടയം എം സി റോഡിൽ മണിപ്പുഴയിലാണ് അപകടം ഉണ്ടായത്. അഞ്ചലിൽ മുടിയേറ്റ് കഴിഞ്ഞു തിരികെ വീട്ടിലേക്ക് പോകുകയായിരുന്ന മുടിയേറ്റ് കലാ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. 8 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്‌ണൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.