കോട്ടയം: രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞതിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ അക്ഷര നഗരി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത് ആവേശത്തിലുമുപരി അഭിമാന പോരാട്ട നിമിഷങ്ങൾക്കാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായാണ് ഇടത്-വലത് മുന്നണികളിലെ കേരളാ കോൺഗ്രസ്സുകാർ ഏറ്റെടുത്തിരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ്സ് എം സാരഥി തോമസ് ചാഴികാടൻ മത്സരിക്കുമ്പോൾ യു ഡി എഫ് സാരഥിയായി കേരളം കോൺഗ്രസ്സിലെ ഫ്രാൻസീസ് ജോർജ്‌ജാണ് മത്സര രംഗത്തുള്ളത്. ഇടത് മുന്നണിയിലും വലത് മുന്നണിയിലും കേരളാ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ മത്സരിക്കാനുറച്ചതോടെ അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. എറണാകുളം ജില്ലയിലെ പിറവം, കോട്ടയം ജില്ലയിലെ പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോട്ടയം ലോകസഭാ നിയോജകമണ്ഡലം. 2009 മുതൽ കേരളാ കോൺഗ്രസ്സ് എമ്മിന്റെ കൈകളിൽ ഭദ്രമായിരുന്നു കോട്ടയം ലോക്സഭാ സീറ്റ്. ഈ വിശ്വാസമാണ് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞെങ്കിലും കേരളാ കോൺഗ്രസ്സിനെ ധൈര്യത്തോടെ മുന്നോട്ട് നയിക്കുന്നത്. നിലവിൽ കേരളാ കോൺഗ്രസ്സ് എം സാരഥിയായ തോമസ് ചാഴികാടനാണ് എം പി. 2009 ൽ യു ഡി എഫ് കേരളാ കോൺഗ്രസ്സ് എം സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് കെ മാണി 404962 വോട്ടുകൾ നേടി വിജയിച്ചു.
എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേഷ് കുറുപ്പ് 333392 വോട്ടുകളും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എൻ കെ നാരായണൻ നമ്പൂതിരി 37422 വോട്ടുകൾക്കാണ് നേടിയത്. 2014 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി 424194 വോട്ടുകൾ നേടിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാത്യു ടി തോമസ് 303595 വോട്ടുകളും ബിജെപി സ്ഥാനാർഥിയായ നോബിൾ മാത്യു 44357 വോട്ടുകളും നേടി.
രണ്ടാം തവണ മത്സരത്തിൽ ജോസ് കെ മാണി വോട്ട് നില ഉയർത്തി. എൽ ഡി എഫിന്റെ വോട്ട് നില താഴ്ന്നെങ്കിലും അവിടെയും ബിജെപി മെച്ചപ്പെട്ടു. 2019 ൽ ജോസ് കെ മാണിക്ക് പകരക്കാരനായി കോട്ടയത്തേക്ക് എത്തിയത് തോമസ് ചാഴികാടനാണ്. 421046 വോട്ടുകളാണ് തോമസ് ചാഴികാടൻ നേടിയെടുത്തത്. 2009,2014,2019 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ്സ് എം യു ഡി എഫ് പക്ഷത്ത് ആയിരുന്നു.
എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി എൻ വാസവൻ 314787 വോട്ടുകളും എൻ ഡി എ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി സി തോമസ് 155135 വോട്ടുകളും നേടി. പി സി തോമസ് കോട്ടയം മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് ബി ജെ പിയുടെ വോട്ട് നില ഒരു ലക്ഷം കടന്നത്. ഇത്തവണ നിലവിലെ എം പി തോമസ് ചാഴികാടൻ തന്നെ എൽ ഡി എഫ് കേരളാ കോൺഗ്രസ്സ് എം സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ യു ഡി എഫ് കേരളാ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഫ്രാൻസീസ് ജോർജ്ജും എൻ ഡി എ ബി ഡി ജെ എസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളിയുമാണ് മത്സര രംഗത്തുള്ളത്.