പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ്റെ കീഴിൽ ഇന്ത്യൻ ടെക് മേഖല അഭൂതപൂർവമായ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് എൻ ഡി എ പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർഥി അനിൽ ആന്റണി. പന്തളം എൻഎസ്എസ് പോളിടെക്നിക്കിലെ വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ മൂന്നാമത്തെ വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയിലേതെന്നും ലോകത്തിൽ യൂണിക്കോൺ കമ്പനികളുടെ എണ്ണത്തിൽ ഇന്ന് ഭാരതം മൂന്നാം സ്ഥാനത്താണ് എന്നും അനിൽ ആന്റണി പറഞ്ഞു. ടെക് സ്റ്റാർട്ടപ്പുകൾ 2014ൽ ഏകദേശം 500 ആയിരുന്നുവെങ്കിൽ ഇന്നത് 100,000 ആയി വർദ്ധിച്ചിരിക്കുന്നു. ഏകദേശം 12 ലക്ഷത്തിലധികം യുവ ബിരുദധാരികൾക്ക് നരേന്ദ്ര മോദി സർക്കാറിൻ്റെ ഡിജിറ്റൽ-ടെക് നയങ്ങൾ കൊണ്ടു വന്ന മാറ്റങ്ങൾ മൂലം നേരിട്ട് തൊഴിൽ ലഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ നിർവഹിച്ചു.