കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഭീതിയോടെയാണ് ഇസ്രയേലിലുള്ള കോട്ടയം സ്വദേശികളുൾപ്പടെയുള്ള മലയാളികൾ. മലയാളികൾ നിരവധിയുള്ള ഇസ്രായേലിൽ ആശങ്കയിലാണ് എല്ലാവരും. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. ജില്ലയിൽ നിന്നുള്ളവർ ആരോഗ്യ മേഖലയിലും മറ്റു മേഖലകളിലും ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇസ്രായേലിനെതിരെ നൂറുകണക്കിന് ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ഏപ്രില്‍ 14 ന് ശനിയാഴ്ച പുലര്‍ച്ചെ ഇറാന്‍ ആക്രമണം നടത്തിയത്. ഭൂരിഭാഗം മിസൈലുകളും വ്യോമാതിർത്തിക്കു പുറത്തുവെച്ചു തന്നെ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം വഴി ഇസ്രായേൽ തകർത്തു. ആദ്യമായാണ് ഇസ്രായേലിനുനേരെ ഇറാൻ നേരിട്ട് ആക്രമണം നടത്തുന്നത്. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിൽ കെയർഗിവർമാരായി നിരവധി മലയാളികളാണ് യുദ്ധബാധിത പ്രദേശങ്ങളില്‍ കഴിയുന്നത്. ഇതിന്റെ കണക്കുകൾ ലഭ്യമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെയും മറ്റും ലഭിക്കുന്ന വിവരങ്ങളുണ്ട്. ഹമാസ് നടത്തിയ ആദ്യ ആക്രമണത്തിൽ നിന്ന് വൃദ്ധദമ്പതികളെ രക്ഷിക്കാൻ മലയാളി കെയര്‍ഗിവർമാർ നടത്തിയ ശ്രമങ്ങളെ ഇസ്രായേൽ ഭരണകൂടം പ്രകീർത്തിച്ചിരുന്നു.