ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയിൽ കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുമായി ജില്ലാ കളക്ടറും! കളറായി.


കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയിൽ കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തച്ചുവടുമായി ജില്ലാ കളക്ടറും. ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരിയും വിദ്യാർത്ഥികൾക്കൊപ്പം കൂടിയതോടെ പരിപാടി കളറായി. പോളിങ് ശതമാനം ഉയർത്തുന്നതിന്റെ ഭാഗമായി നിരവധി പരിപാടികൾ ജില്ലാ ഭരണകൂടവും സ്വീപും നടത്തുന്നുണ്ടെന്നും കൂടുതൽ പേരെ ആകർഷിക്കുന്നതിനായാണ് കോട്ടയം വോട്ടർ കുഞ്ഞച്ചനെന്ന വ്യത്യസ്തമായ ആശയം നടപ്പാക്കിയതെന്നും ജില്ലാ കളക്ടർ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷന്റെ(സ്വീപ്) ബോധവൽക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടർ കുഞ്ഞച്ചൻ എന്ന കഥാപാത്രം.  കുമരകത്തെ ബാക്ക് വാട്ടർ റിപ്പിൾസിലെ കായലോരത്ത് ഹൗസ് ബോട്ടിൽ വന്നിറങ്ങിയ വോട്ടർ കുഞ്ഞച്ചന്റെ മാസ് എൻട്രിയും വേറിട്ടതായി. മലയാളസിനിമയിലെ സൂപ്പർതാരം മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചനെപ്പോലെ തലയിൽ തോർത്തും ചുറ്റി കൂളിംഗ് ഗ്ലാസും വച്ച് വിദ്യാർഥികൾ വോട്ടർ കുഞ്ഞച്ചനെ നൃത്തച്ചുവടുകളോടെ വരവേറ്റു. കോട്ടയം ബസേലിയസ് കോളജിലെ വിദ്യാർഥികൾ മമ്മൂട്ടി സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിയ നൃത്തച്ചുവടുകളൊരുക്കി.