കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്കും രണ്ട് കുട്ടികൾക്കും ഗുരുതര പരിക്ക്. സ്‌കൂട്ടർ യാത്രികരായ യുവതി തലയോലപ്പറമ്പ് തൈക്കൂട്ടത്തിൽ സനിത രാജേഷ് (41), ഒപ്പമുണ്ടായിരുന്ന മകൾ അളകനന്ദ (9), സഹോദരിയുടെ മകൾ കോതനല്ലൂർ തോട്ടുപ്പറമ്പിൽ ഗായിത്രി (8) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കോതനല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിൽ എതിരെയെത്തിയ കാർ നിയന്ത്രണംവിട്ടു ഇടിക്കുകയായിരുന്നു. വളവിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ യുവതിയുടെയും ഒരുകുട്ടിയുടെയും പരിക്ക് ഗുരുതരമാണ്. സനിതയുടെ കാലിനും ഗായിത്രിയുടെ കൈക്കുമാണ് സാരമായി പരിക്കേറ്റത്. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.