ഏറ്റുമാനൂർ: മകളെ വിദേശത്തേക്ക് യാത്രയാക്കി മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മാതാവും ഭർതൃ മാതാവും മരിച്ചു. ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. പത്തനംതിട്ട കൊറ്റനാട് കുറിച്ചിപ്പതാലിൽ തങ്കമ്മ കൊച്ചുകുഞ്ഞ് (59), നീലംപേരൂർ മാത്തേരിച്ചിറയിൽ ഷീല തങ്കച്ചൻ (54) എന്നിവരാണ് മരിച്ചത്. തങ്കമ്മയുടെ മകൾ ദുബായിൽ നഴ്സായ അശ്വതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ യാത്രയാക്കിയ ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ ബൈപാസ് റോഡിൽ നിയന്ത്രണംവിട്ട കാർ സംരക്ഷണവേലി ഇടിച്ചുതകർത്ത് ഓടയിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ഭർതൃ മാതാവ് ഷീല ഒറ്റയാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഏറ്റുമാനൂർ ബൈപാസിൽ തവളക്കുഴിക്കും വടക്കേനടയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. വളവിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ റിഫ്ലക്ടർ തൂണും സമീപവാസിയുടെ വീട്ടിലേക്കുള്ള സംരക്ഷണവേലിയും തകർത്ത് എട്ടടിയോളം താഴ്ചയുള്ള ഓടയിലേക്കു മറിയുകയായിരുന്നു. അശ്വതിയുടെ ഭർത്താവ് ഷിജോയാണ് വാഹനം ഓടിച്ചിരുന്നത്. ശബ്ദംകേട്ട് ഓടിവന്ന സമീപവാസികളാണു ഓടിയെത്തി കാറിലുണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അശ്വതിയുടെ ഭർത്താവ് ചങ്ങനാശേരി നീലംപേരൂർ മാത്തോറിച്ചിറ ഷിജോ തങ്കച്ചൻ (36), മക്കളായ അദ്വിക്, അദ്വിക, അശ്വതിയുടെ സഹോദരി ലിൻസി (26) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. തങ്കമ്മയുടെ സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ കെ.കെ.കൊച്ചുകുഞ്ഞ്. ഷീലയുടെ ഭർത്താവ് പരേതനായ കെ പി തങ്കച്ചൻ. മക്കൾ: ഷീജ അഭിലാഷ്, ഷിജോ മോൻ തങ്കച്ചൻ, ഷിനു മോൾ ദിലീപ്. മരുമക്കൾ: അഭിലാഷ്, അശ്വതി ഷിജോ, ദിലീപ്.