സിവിൽ സർവ്വീസ് പരീക്ഷാ ഫലം: അഭിമാന നേട്ടത്തിലെത്തിയ മലയാളികൾക്കൊപ്പം റാങ്ക് തിളക്കത്തിൽ പാലാ സ്വദേശിനിയും വൈക്കം സ്വദേശിനിയും.


കോട്ടയം: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ അഭിമാന നേട്ടത്തിലെത്തിയ മലയാളികൾക്കൊപ്പം റാങ്ക് തിളക്കത്തിൽ പാലാ സ്വദേശിനിയും വൈക്കം സ്വദേശിനിയും. പാലാ രാമപുരം സ്വദേശിനി ലാവണ്യ ഹൗസിൽ മഞ്ജുഷ ബി ജോർജാണ്(26) സിവിൽ സർവീസ് പരീക്ഷയിൽ 195ാം റാങ്ക് നേടിയത്. വൈക്കം പോളശ്ശേരി സ്വദേശിനി കമ്മട്ടിതറയിൽ ദേവി കൃഷ്ണ 559-ാം റാങ്ക് നേടി. മൂന്നാം തവണത്തെ പരിശ്രമത്തിലാണ് മഞ്ജുഷ റാങ്ക് കരസ്ഥമാക്കിയത്. പത്രവായനയാണ് തന്നെ കൂടുതൽ തുണച്ചതെന്നു മഞ്ജുഷ പറഞ്ഞു. 2020ലാണ് സിവില്‍ സർവീസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ദിവസം 7 മണിക്കൂർ വരെയായിരുന്നു പഠന സമയം. റിട്ട.ഐ ബി ഉദ്യോഗസ്ഥൻ ബാബുരാജിൻെറയും ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപികയായ ലൗലിയുടെയും മകളാണ് മഞ്ജുഷ. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ബംഗളൂരു മൗണ്ട് കാർമല്‍ കോളജില്‍ നിന്ന് ബിരുദവും കൊച്ചിൻ യൂനിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് ബിരുദവും കരസ്ഥമാക്കി. ചെറുപ്പം മുതൽ വായനയായിരുന്നു മഞ്ജുഷയുടെ ഹോബി. സഹോദരി അനുപമ എം ബി എ വിദ്യാർത്ഥിനിയാണ്. പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റിയൂട്ടിൽ പി സി എം ഇന്റൻസീവ് പരിശീലനം നേടിയ മഞ്ജുഷ സ്റ്റാറ്റിറ്റിക്‌സ് മെയിൻ വിഷയമായി എടുത്താണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ മഞ്ജുഷ അഭിമുഖം വരെയെത്തിയിരുന്നു. വൈക്കം പോളശ്ശേരി കമ്മട്ടിതറയിൽ ക്യാപ്റ്റൻ പീതാബരന്റെയും  പ്രിയയുടെയും മകൾ ആണ് 559-ാം റാങ്ക് നേടിയ ദേവി കൃഷ്ണ. മർച്ചന്റ്സ് നേവി ക്യാപ്റ്റനാണ് പി ദേവി കേയൂഷണയുടെ പിതാവ് കെ.കെ. പീതാംബരൻ. റിട്ട അധ്യാപിക യു.ടി. പ്രിയയാണ് മാതാവ്.